ഹെല്‍ത്ത് വാക്ക് വേ ഉദ്ഘാടനം ചെയ്തു

post

മലപ്പുറം: പെരിന്തല്‍മണ്ണ നഗരസഭയുടെ രജതജൂബിലി പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഹെല്‍ത്ത് വാക്ക് വേ ഉദ്ഘാടനം സ്പോര്‍ട്സ് യുവജനകാര്യ മന്ത്രി ഇ.പി ജയരാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. മാനത്ത്മംഗലം  പൊന്ന്യകുറിശ്ശി ബൈപ്പാസിലാണ് മൂന്ന് കിലോമീറ്റര്‍ ഹെല്‍ത്ത് വാക്ക് വേ നിര്‍മിച്ചിരിക്കുന്നത്. പ്രഭാത നടത്തം, വ്യായാമം, വിനോദം എന്നിവ ലക്ഷ്യം വച്ചാണ് ഹെല്‍ത്ത് വാക്ക് വേ നിര്‍മിച്ചത്.

മാനത്ത്മംഗലം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് പൊന്ന്യാകുറിശ്ശി ജംങ്ഷന്‍ വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരവും  രണ്ട് മീറ്റര്‍ വീതിയിലുമാണ് വാക്ക് വേ നിര്‍മിച്ചിരിക്കുന്നത്. രണ്ടു സൈഡ് കെട്ടിപ്പൊക്കി നടുവില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പാകി നിര്‍മിച്ച വാക്ക് വേയില്‍ നിലവിലുള്ള മരങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം പുതിയ മരങ്ങള്‍, അലങ്കാരച്ചെടികള്‍, ഇരിപ്പിടങ്ങള്‍, പുല്‍മേടുകള്‍ അലങ്കാരലൈറ്റുകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

ഹെല്‍ത്ത് വാക്ക് വേയുടെ ഒരു കിലോമീറ്റര്‍ ദൂരം നഗരസഭ 50 ലക്ഷം രൂപ ചെലവിലാണ് നിര്‍മിച്ചിരിക്കുന്നത്. ബാക്കി വരുന്ന രണ്ട് കിലോമീറ്റര്‍ ദൂരം മൗലാന ആശുപത്രിയും പ്രമുഖ വ്യവസായ ഗ്രൂപ്പായ നാലകത്ത് ഗ്രാനൈറ്റ്സും സംയുക്തമായ സ്പോണ്‍സര്‍ഷിപ്പിലൂടെ രണ്ട് കോടി രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.2.5 കോടി രൂപ ചെലവിലാണ് ഹെല്‍ത്ത് വാക്ക് വേയുടെ നിര്‍മാണം. സ്പോണ്‍സര്‍ഷിപ്പില്‍ നിര്‍മിക്കുന്നതിനാവശ്യമായി നഗരസഭ കൗണ്‍സില്‍ തീരുമാനപ്രകാരം ആവശ്യമായ അനുമതിയും കരാറും നഗരസഭയും മൗലാനാ ആശുപത്രിയും നാലകത്ത് ഗ്രൂപ്പും ഒപ്പുവെച്ചു. ഹെല്‍ത്ത് വാക്ക് വേയുടെ 15 വര്‍ഷത്തെ  പരിപാലനവും നടത്തിപ്പും സ്പോണ്‍സര്‍മാര്‍ നിര്‍വഹിക്കും. വാക്ക് വേ നിര്‍മ്മിച്ച് പരിപാലിക്കുന്നതിന്റെ ഭാഗമായി സ്പോണ്‍സര്‍മാരുടെ പരസ്യം ഹെല്‍ത്ത് വാക്ക് വേയില്‍ പ്രദര്‍ശിപ്പിക്കാം. ഇതിനാവശ്യമായ അനുമതിയും നഗരസഭ നല്‍കിയിട്ടുണ്ട്.