ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്തൃ കുടുംബസംഗമവും അദാലത്തും നടത്തി

post

ഇടുക്കി : ബ്ലോക്ക് പഞ്ചായത്ത് തല ലൈഫ് മിഷന്‍ ഗുണഭോക്തൃ കുടുംബസംഗമവും അദാലത്തും നടത്തി. തടിയമ്പാട് ഫാത്തിമ മാതാ പാരീഷ് ഹാളില്‍ സംഘടിപ്പിച്ച കുടുംബ സംഗമം  റോഷി അഗസ്റ്റിന്‍ എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഭൂരഹിതരും ഭവനരഹിതരുമായവര്‍ക്ക് വീട് നല്‍കുന്ന ലൈഫ് ഭവന പദ്ധതി സാധാരണക്കാര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നതാണ്. ഭവനരഹിതരെ സംരക്ഷിക്കേണ്ടത് പൊതുതാത്പര്യവും സമൂഹത്തിന്റെ ചുമതലയാണെന്നും പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു  എം.എല്‍.എ പറഞ്ഞു.  ഇടുക്കി ജില്ലയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ പ്രളയത്തില്‍ നിരവധി     വീടുകള്‍ തകര്‍ന്നു. ഇത്തരം വീടുകള്‍ നവീകരിക്കേണ്ടതുണ്ട്. പ്രളയത്തെ തുടര്‍ന്ന് കാര്‍ഷിക മേഖലയടക്കം പ്രതിസന്ധിയിലാണ്.  പ്രതിസന്ധി നേരിടുന്ന ചെറുകിട കര്‍ഷകരുടെ കാര്‍ഷിക കടം എഴുതി തള്ളണമെന്നും  ഇതിനായി ബജറ്റില്‍ ഉള്‍പ്പെടുത്തി ജില്ലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിച്ചാല്‍ മാത്രമേ  പ്രളയത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ മറികടക്കാന്‍  കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ എല്ലാ ഭവനരഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സംവിധാനം ഒരുക്കി നല്‍കുകയാണ് ലൈഫ് ഭവന പദ്ധതിയുടെ ലക്ഷ്യം. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വാഴത്തോപ്പ്, കഞ്ഞിക്കുഴി, വാത്തിക്കുടി, മരിയാപുരം, കാമാക്ഷി, അറക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളിലായി  993  കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലൂടെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്. അനുവദിച്ച മുഴുവന്‍ വീടുകളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പഞ്ചായത്തുകള്‍ക്ക് കഴിഞ്ഞു.     ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ റിന്‍സി സിബി, ടോമി ജോസഫ്, രാജേശ്വരി രാജന്‍, ഡോളി ജോസ്, ജോയി തോമസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഹര്‍ഷന്‍ എന്നിവര്‍ സംസാരിച്ചു. ത്രിതല പഞ്ചായത്തംഗങ്ങളായ കെ.എം ജലാലുദ്ദീന്‍, സുനിത കെ എസ് , ബിജു കാനത്തില്‍, ചെല്ലമ്മ ദാമോദരന്‍, ജില്ലാ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ പി.ശ്രീലേഖ വിവിധ രാഷ്ട്രിയ കക്ഷി നേതാക്കള്‍, വിവധ വകുപ്പ് ഉദ്യോഗസ്ഥര്‍  തുടങ്ങി നിരവധി പേര്‍  പരിപാടിയില്‍ പങ്കെടുത്തു.