കിഫ്ബി നിലനില്‍ക്കേണ്ടത് നാടിന്റെ ആവശ്യം: മന്ത്രി തോമസ് ഐസക്

post

ആന്തൂര്‍ നഗരസഭ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടു

കണ്ണൂര്‍: കിഫ്ബി നിലനില്‍ക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും നാടിന്റെ വികസനത്തിന് സര്‍ക്കാരിന്റെ സംഭാവനയാണ് കിഫ്ബിയെന്നും ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്. ആന്തൂര്‍ നഗരസഭ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വലിയ പിന്തുണയാണ് സര്‍ക്കാര്‍ നല്‍കുന്നത്. പ്ലാന്‍ ഫണ്ടിന്റെ 25 ശതമാനമാണ് ഇന്ന് വികസന ഫണ്ടായി നല്‍കുന്നത്. സംസ്ഥാന പദ്ധതിയുടെ 30 ശതമാനം വരുന്ന തുക തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറുകയാണ്. മാത്രമല്ല കഴിഞ്ഞ വര്‍ഷം ചെലവാകാത്ത പണത്തിന്റെ 30 ശതമാനം ഈ വര്‍ഷം സ്പില്‍ ഓവറായി അനുവദിക്കുന്നുമുണ്ട്. മുന്‍പ് അങ്ങനെയായിരുന്നില്ല. ഈ രീതിയില്‍ സാധാരണ കിട്ടുന്ന പണത്തിനപ്പുറം അധികം ധനസഹായം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ്. കാരണം തദ്ദേശ സ്ഥാപനങ്ങള്‍ നമ്മുടെ നാടിന്റെ കരുത്താണ്. കൊവിഡ് പ്രതിരോധത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. കിഫ്ബിയില്‍ നിന്നാണ് ഇതിനാവശ്യമായ പണം ചെലവാക്കുന്നത് മന്ത്രി പറഞ്ഞു.

നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 60,000 കോടി രുപയാണ് കിഫ്ബി വഴി മുടക്കുന്നത്. ദേശീയപാത സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് 5,500 കോടി രൂപ നല്‍കി. ഹൈ ട്രാന്‍സ്മിഷന്‍ ലൈനുകള്‍ എടുത്ത് നല്‍കാന്‍ 6,000 കോടി അനുവദിച്ചു. 

കണ്ണൂരില്‍ വ്യവസായ പാര്‍ക്കിനായി 10,000 കോടിയാണ് ലഭ്യമാക്കുന്നത്. 10,000 രൂപയ്ക്ക് കുടുംബശ്രീ വഴി ലാപ്‌ടോപ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. അഞ്ച് ലക്ഷം പേര്‍ ഇതിനായി അപേക്ഷിച്ചിട്ടുണ്ട്. മൂന്ന് മാസം കഴിയുമ്പോള്‍ കെ ഫോണ്‍ പദ്ധതിയിലൂടെ സൗജന്യ ഇന്റര്‍നെറ്റ് വീടുകളിലെത്തും ഇതിന് 1,000 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. സ്‌കൂള്‍, ആശുപത്രി എന്നിവ ആധുനികവല്‍ക്കരിക്കപ്പെട്ടു. ഇത്തരത്തില്‍ ഓരോ മേഖലകളിലും കിഫ്ബി വഴി പണം ചെലവഴിക്കുകയാണ്. ക്ഷേമ, സുരക്ഷ, വിദ്യാഭ്യാസ, ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമല്ല നാടിന് വേണ്ട നിര്‍മ്മിതികള്‍ക്കാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് ഈ സര്‍ക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധര്‍മ്മശാലയില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 5280 ചതുരശ്ര മീറ്ററിലാണ് ആന്തൂര്‍ നഗരസഭയ്ക്കായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. കിഫ്ബി മുഖേന 10 കോടി രൂപയാണ് കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുവദിച്ചിട്ടുള്ളത്. ഉദ്യോഗസ്ഥര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കുമുള്ള മുറികള്‍, കാന്റീന്‍, ജനസേവന കേന്ദ്രം, വയോമിത്രം, കുടുംബശ്രീ, സാക്ഷരത, ഐസിഡിഎസ്, സിഡിഎസ് എന്നിവയുടെ ഓഫീസ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന് പുറമെ ഒന്നാം നിലയില്‍ കൗണ്‍സില്‍ യോഗങ്ങള്‍ ചേരുന്നതിനുള്ള ഹാള്‍, മീറ്റിംഗ് ഹാള്‍, ലൈബ്രറി എന്നിവയും ആധുനിക രീതിയിലുള്ള മാലിന്യ സംസ്‌കരണ സംവിധാനം, മഴവെള്ള സംഭരണി, സൗരോര്‍ജ്ജ വൈദുതി സംവിധാനം തുടങ്ങിയവും കെട്ടിടത്തില്‍ സജ്ജീകരിക്കും. ജനങ്ങള്‍ക്ക് ഏറ്റവും ഏളുപ്പത്തില്‍ സേവനം ലഭ്യമാക്കുന്നതിന് അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിലൂടെ സാധിക്കും.

ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ മുഖ്യാതിഥിയായി. ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ പി കെ ശ്യാമള ടീച്ചര്‍, ഉപാധ്യക്ഷന്‍ കെ ഷാജു, സ്ഥിരം സമിതി അധ്യക്ഷ പി പി ഉഷ, കെ രവീന്ദ്രന്‍, വി പുരുഷോത്തമന്‍, എ പ്രിയ, നഗരസഭ സെക്രട്ടറി എം സുരേശന്‍, രാഷട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.