സാന്ത്വനം അഭയകേന്ദ്രം ഉദ്ഘാടനം ചെയ്തു

post

മലപ്പുറം : പെരിന്തല്‍മണ്ണ നഗരസഭയുടെ രജത ജൂബിലി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ നിര്‍മിച്ച  സാന്ത്വനം അഭയകേന്ദ്രം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്ക് നഗരത്തില്‍ ഒരു അഭയകേന്ദ്രമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ രജതജൂബിലി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാന്ത്വന കേന്ദ്രമൊരുക്കിയിരിക്കുന്നത്.

തെരുവില്‍ അലയുന്നവര്‍, അരക്കുതാഴെ തളര്‍ന്നവര്‍, നിത്യ രോഗികള്‍, വയോജനങ്ങള്‍ എന്നിങ്ങനെ അവശതയനുഭവിക്കുന്ന ആര്‍ക്കും ആവശ്യാനുസരണം സാന്ത്വന കേന്ദ്രത്തിലെത്തി താമസിക്കാനാകും. അഭയകേന്ദ്രത്തിലെത്തുന്നവരുടെ ആരോഗ്യപരിചരണം, മരുന്ന്, ഭക്ഷണം എന്നിവ ഉറപ്പാക്കിയാണ് സാന്ത്വന കേന്ദ്രം പ്രവര്‍ത്തിക്കുക.  അവശത അനുഭവിക്കുന്നവരുടെ മാനസിക ഉല്ലാസത്തിനും പുനരധിവാസത്തിനും ഫലപ്രദമാകുന്ന രീതിയില്‍ സാന്ത്വനം ക്ലാസുകള്‍, പരിശീലനങ്ങള്‍, മോട്ടിവേഷന്‍ ക്ലാസുകള്‍, കലാ-കായിക പരിപാടികള്‍, വിനോദയാത്രകള്‍ എന്നിവയും അഭയകേന്ദ്രത്തില്‍ സംഘടിപ്പിക്കും.

നഗരസഭയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌കൂള്‍,   നിത്യരോഗികള്‍ക്ക് വീട്ടിലെത്തി പരിചരണം നല്‍കുന്ന രണ്ട് പാലിയേറ്റീവ് വിങ്ങ് അരക്കുതാഴെ തളര്‍ന്ന വര്‍ക്കായി നടന്നുകൊണ്ടിരിക്കുന്ന തൊഴില്‍ പരിശീലനം, ദശദിന ക്യാമ്പ്, വയോജനങ്ങള്‍ക്കായുള്ള സാഫല്യം പദ്ധതിയിലെ പരിപാടികള്‍ എന്നിങ്ങനെയുള്ള എല്ലാവിധ ക്ഷേമ സാന്ത്വന പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായി സാന്ത്വന കേന്ദ്രം മാറും.

10 പേര്‍ക്ക് താമസിക്കാവുന്ന തരത്തില്‍ എട്ട് ഡോര്‍മെറ്ററികള്‍, വിശാലമായ രണ്ടു പരിശീലന ഹാളുകള്‍, ആവശ്യാനുസരണം സജ്ജമാക്കിയ ടോയ്ലറ്റുകള്‍,  അടുക്കള, ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടിങ് റൂം, നഴ്‌സസ് റൂം, ഫിസിയോതെറാപ്പി സെന്റ്‌റര്‍, ബഡ്‌സ് സ്‌കൂള്‍ റൂം, ഭിന്നശേഷിക്കാര്‍ക്ക് ചുറ്റും സഞ്ചരിക്കാന്‍ പാകത്തില്‍ സജ്ജമാക്കിയ കോമണ്‍ ഏരിയകള്‍ എന്നിവയടങ്ങിയ കേന്ദ്രം 25671  സ്‌ക്വയര്‍ ഫീറ്റില്‍  മൂന്ന് നിലകളിലായാണ് നിര്‍മിച്ചിരിക്കുന്നത്.

കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ പരിശോധന, നഴ്‌സുമാരുടെ സേവനം എന്നിവക്ക് പുറമെ സൗജന്യ ഭക്ഷണം, ആവശ്യമായ മറ്റു പരിചരണങ്ങള്‍ എന്നിവയും ലഭ്യമാക്കും. ഇതിനെല്ലാം ആവശ്യമായ ജീവനക്കാരും കേന്ദ്രത്തിലുണ്ടാകും. അഞ്ച് കോടി രൂപ ചെലവു വരുന്ന പദ്ധതിയുടെ നിര്‍മാണ ചുമതല പൊതുമേഖലാ സ്ഥാപനമായ എഫ്.എ.സി.ടി - ആര്‍.സി.എഫാണ് നിര്‍വഹിച്ചത്. പ്രകൃതി വസ്തുക്കളെ 70ശതമാനം ഒഴിവാക്കി ഗ്ലാസ് മറ്റു സംസ്‌കൃത വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്തുണ്ടാക്കുന്ന പ്രീഫാബ് ടെക്‌നോളജി ഉപയോഗിച്ച് നൂതന രീതിയിലുള്ളതാണ് നിര്‍മാണം.  കേരളത്തില്‍ ആദ്യമായി നഗരസഭയുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന സാന്ത്വന ചരിത്രത്തിലെ വേറിട്ട ഈ പദ്ധതിക്ക് കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയായ ദേശീയ നഗര ഉപജീവന മിഷന്‍ (എന്‍.യു.എല്‍.എം) ല്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ 2.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കി 2.5 കോടി രൂപ  നഗരസഭയാണ് ചെലവഴിച്ചത്.

അശരണരുടെ ശരണാലയമായ ഈ കേന്ദ്രത്തിന് നഗരസഭയെ പ്രചോദിപ്പിച്ചത്  സൈമണ്‍ ബ്രിട്ടോയാണ്. സൈമണ്‍ ബ്രിട്ടോയുടെ നാമധേയത്തിലായിരിക്കും സാന്ത്വന കേന്ദ്രം അറിയപ്പെടുക. ഗ്രാന്മ എന്ന കുടുംബശ്രീ സംരംഭക ഗ്രൂപ്പിനാണ് അഭയ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല.  പ്രദേശവാസികളും പൊതു- ജീവകാരുണ്യ പ്രവര്‍ത്തകരുമടങ്ങുന്ന അഭയകേന്ദ്രം വെല്‍ഫെയര്‍ കമ്മറ്റിയും ഉടന്‍ രൂപീകരിക്കും.കേന്ദ്രത്തില്‍ നടക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങളില്‍ നിന്നുള്ള വരുമാനവും സംഭാവനയും സ്വീകരിച്ചാണ് കേന്ദ്രം പ്രവര്‍ത്തിക്കുക.

ഉദ്ഘാടന ശിലാഫലകം നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലിം അനാഛാദനം ചെയ്തു. സൈമണ്‍ ബ്രിട്ടോയുടെ ഛായാചിത്രം ഭക്ഷ്യ കമ്മീഷന്‍ അംഗം വി.രമേശന്‍ അനാഛാദനം ചെയ്തു.  മഞ്ഞളാംകുഴി അലി എം.എല്‍.എ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്സണ്‍ നിഷി അനില്‍ രാജ്, സ്ഥിരം സമിതി  ചെയര്‍മാന്‍മാരായ കെ.സി മൊയ്തീന്‍ കുട്ടി, പി.ടി ശോഭന, പത്തത്ത് ആരിഫ്, രതി അല്ലക്കാട്ടില്‍, കിഴിശ്ശേരി മുസ്തഫ, പ്രതിക്ഷനേതാവ് താമരത്ത് ഉസ്മാന്‍, വാര്‍ഡ് കൗണ്‍സിലര്‍ ജംനാ ബിന്‍ത്, വി.ശശികുമാര്‍, പി.പി വാസുദേവന്‍, സി.എച്ച് ആഷിക്ക്, ദിനേശ്,  ഇ.രാജേഷ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കിഷോര്‍,സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ എന്‍.യു.എല്‍. എം എസ്. ജഹാംഗീര്‍, സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീനാ ഭാസ്‌കര്‍, സൈമണ്‍ ബ്രിട്ടോയുടെ സഹചാരി കൂരിലോസ് ബിഷപ്പ്, പെരിന്തല്‍മണ്ണ നഗരസഭ സെക്രട്ടറി  എസ്. അബ്ദുല്‍ സജീം, മുനിസിപ്പല്‍ എഞ്ചിനീയര്‍ എന്‍.പ്രസന്നകുമാര്‍, സാന്ത്വനം  കോഓഡിനേറ്റര്‍ കിഴിശ്ശേരി സലിം, സിറ്റി മിഷന്‍ മാനേജര്‍ എന്‍.യു.എല്‍.എം സുബൈറുല്‍ അവാന്‍ എന്നിവര്‍ പങ്കെടുത്തു.