മഞ്ഞം പൊതിക്കുന്ന് ടൂറിസം പദ്ധതി; കാസര്‍കോടിന് വിനോദ സഞ്ചാരത്തിന്റെ വസന്തകാലം

post

കാസര്‍ഗോഡ് : കാഞ്ഞങ്ങാട് മാവുങ്കാല്‍ മഞ്ഞുംപൊതിക്കുന്ന് ടൂറിസം പദ്ധതിക്ക് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച 4,97,50,000 രൂപയുടെ വികസന പദ്ധതി ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗം അംഗീകരിച്ചതിനെ തുടര്‍ന്ന്  നവംബര്‍ മാസത്തോടെ പ്രവര്‍ത്തി ആരംഭിക്കും. കള്കട്രേറ്റില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് പദ്ധതി സംബന്ധിച്ച് തീരുമാനമായത്.

രണ്ട് വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന മഞ്ഞംപൊതി ക്കുന്ന് അജാനൂര്‍ വില്ലേജില്‍ ഉള്‍പെട്ട സ്ഥലമാണ.് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദ്ദേശാനുസരണം ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ടാണ് ജില്ലാ കളക്ടര്‍ ടൂറിസം വകുപ്പിന് ഉപയോഗാനുമതി നല്‍കിയത്. പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ബെല്ല വില്ലേജില്‍ പെടുന്ന സ്ഥലത്തിനു കൂടി റവന്യൂ വകുപ്പ് ടൂറിസം വകുപ്പിന് ഉപയോഗാനുമതി നല്‍കും.

കേരളത്തിലെ ആദ്യ ഇക്കോ സെന്‍സിറ്റീവ് ആസ്ട്രോ ടൂറിസം

കേരളത്തിലെ ആദ്യ ഇക്കോ സെന്‍സിറ്റീവ് ആസ്ട്രോ ടൂറിസം പ്രൊജക്ടാണ് മഞ്ഞംപൊതിക്കുന്ന് ടൂറിസം പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാവുക. മലമുകളില്‍ ആധുനിക ടെലിസ്‌കോപ്പ് സ്ഥാപിച്ച് രാത്രികാലങ്ങളില്‍ ആകാശകാഴ്ചകള്‍ ആസ്വദിക്കാനും നിരീക്ഷണത്തിനുമുള്ള അവസരമൊരുക്കും. പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ടായിരിക്കും വിനോദ സഞ്ചാരപദ്ധതി നടപ്പിലാക്കുകായെന്ന് ഡി ടി പി സി സെക്രട്ടറി ബിജു രാഘവന്‍ പറഞ്ഞു.

മഞ്ഞംപതിക്കുന്നില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലുപരി സംഗീതത്തിന്റെ പാശ്ചാത്തലത്തില്‍ വര്‍ണ്ണാഭമായ ജലധാര, ബേക്കല്‍ കോട്ട, തൈക്കടപ്പുറം അഴിമുഖം, വിശാലമായ അറബിക്കടല്‍ എന്നിവയുടെ ദൂര കാഴ്ച കുന്നിന്‍മുകളില്‍ നിന്ന് ആസ്വദിക്കാനുള്ള ബൈനോക്കുലര്‍ സംവിധാനങ്ങള്‍, വാനനിരീക്ഷണത്തിനുള്ള ടെലിസ്‌കോപ്പ് എന്നിവ സ്ഥാപിക്കും. ഇരിപ്പിടങ്ങള്‍, സെല്‍ഫി പോയിന്റുകള്‍, ലഘുഭക്ഷണശാല, പാര്‍ക്കിങ് സൗകര്യം എന്നിവ പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കും.

റിസപ്ക്ഷന്‍ സോണ്‍, ഫല്‍ര്‍ സോണ്‍,പാര്‍ക്കിങ് സോണ്‍, ഫെസിലിലിറ്റി സോണ്‍, ഫൗണ്ടെയ്ന്‍ ആന്റ്  ആസ്ട്രോ സേണ്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ആദ്യഘട്ടത്തില്‍ റിസപ്ക്ഷന്‍ ടൂറിസം വകുപ്പ് നല്‍കുന്ന ഫണ്ടില്‍ ബ്ലോക്കും ജലധാരയും പാര്‍ക്കിങ് ഏരിയയും പുല്ല് നിറഞ്ഞ കുത്തനെയുള്ള ചെരിവുകളും ടെലസ്‌കോപ്പും ബൈനോക്കുലറും മരത്തോപ്പുകളും ഫൗണ്ടെയ്ന്‍ പ്ലാസയും പദ്ധതിയുടെ ഭാഗമാകും. രണ്ടാം ഘട്ടത്തില്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കും. 150 കാറുകള്‍ക്കും 20 ബസ്സുകള്‍ക്കും 500 ടു വീലറുകള്‍ക്കും ഒരേ സമയം പാര്‍ക്കെ് ചെയ്യാവുന്ന പാര്‍ക്കിങ് സോണാണ് മഞ്ഞം പൊതുക്കുന്ന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജില്ലാ കളക്ടറുടെ സ്വപ്ന പദ്ധതി

ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ നൂതന ആശയം ടൂറിസം വകുപ്പ് എംപാനല്‍ഡ് ആര്‍ക്കിട്ടെക്റ്റുമാരായ പ്രമോദ് പാര്‍ത്ഥന്‍, സി.പി. സുനില്‍ കുമാര്‍  എന്നിവരാണ് ആവിഷ് കരിച്ചത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഈ സര്‍ക്കാരിന്റെ കാലത്ത് കാഞ്ഞങ്ങാട് പരിസരത്ത് നടപ്പാക്കുന്ന മികച്ച ടൂറിസം പദ്ധതിയായി മഞ്ഞംപൊതിക്കുന്ന് പദ്ധതി മാറും. കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയര്‍, കാഞ്ഞങ്ങാട് കൈറ്റ് ബീച്ച് എന്നിവക്ക് നേരത്തെ അംഗീകാരം ലഭിച്ചിരുന്നു. ബേക്കല്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ കഴിഞ്ഞ ദിവസമാണ് ടൂറിസം വകുപ്പ് മന്ത്രി നാടിന് സമര്‍പ്പിച്ചത്. നിര്‍മ്മിതി കേന്ദ്രത്തിനാണ് മൂന്ന് പദ്ധതികളുടേയും നിര്‍മ്മാണ ചുമതല. മഞ്ഞംപതിക്കുന്ന് പദ്ധതിയുടെ  നടത്തിപ്പ് ചുമതല. ഡിടിപിസിയ്ക്കാണ്

മഞ്ഞംപൊതിക്കുന്നിലേക്ക് പോകാം

കാസര്‍കോട് നഗരത്തില്‍ നിന്നും 31 കിലോമീറ്ററും കാഞ്ഞങ്ങാട് നിന്നും അഞ്ച് കിലോ മീറ്ററും മംഗലാപുരത്ത് നിന്നും 94 കിലോമീറ്ററുമാണ് മഞ്ഞംപൊതിക്കുന്നിലേക്കുള്ള ദൂരം. എന്‍.എച്ച് 66 ലൂടെ എളുപ്പം പദ്ധതി പ്രദേശത്തേക്കെത്താം. കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 92 കിലോമീറ്ററും കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ്റ്റാന്റില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ വീതവുമാണ് മഞ്ഞുംപൊതിക്കുന്നിലേക്കുള്ള ദൂരം. ഹില്‍ ടോപ്പ്, പുല്‍ത്തകിടിനിറഞ്ഞ കുന്നില്‍ ചെരിവുകള്‍, മികച്ച ആകാശ ദൃശ്യവും കാഞ്ഞങ്ങാട് പട്ടണത്തിന്റെ ദൃശ്യങ്ങളും നിറഞ്ഞ മനോഹരമായ പ്രദേശമാണിത്.