കെ എസ് ആര്‍ ടി സിക്കായി ഓഫീസ് ഒരുക്കി തണ്ണീര്‍മുക്കം പഞ്ചായത്ത്
ആലപ്പുഴ : പുതുതായി നിര്‍മ്മിച്ച ബസ് സ്റ്റാന്‍ഡില്‍ കെ എസ് ആര്‍ ടി സി ക്കായി ഓഫീസ് മുറി നല്‍കി തണ്ണീര്‍മുക്കം ഗ്രാമ പഞ്ചായത്ത്. സ്റ്റേഷന്‍മാസ്റ്ററുടെ ഓഫീസിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് നിര്‍വ്വഹിച്ചു.
രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ കെഎസ്ആര്‍ ടിസിയുടെ ഉദ്യോഗസ്ഥര്‍ ബസ് സര്‍വ്വീസുകള്‍ നിയന്ത്രിക്കുന്നതിനായി ബസ് സ്റ്റാന്‍ഡില്‍ ഉണ്ടാകും. ഇവര്‍ക്ക് വിശ്രമിക്കാന്‍ മറ്റു മാര്‍ഗ്ഗമില്ലെന്ന് കണ്ടാണ് വിശ്രമ മുറി ഒരുക്കി നല്‍കാന്‍ പഞ്ചായത്ത് തയ്യാറായത്.
നിലവില്‍ ആലപ്പുഴ, ചേര്‍ത്തല, കോട്ടയം ഭാഗങ്ങളിലേക്കുളള ബസ്സുകളാണ് ബസ് സ്റ്റാന്റില്‍ എത്തുന്നത്. സ്വകാര്യബസ്സുകളും സ്റ്റാന്‍ഡില്‍ എത്തുന്നതിന് ആര്‍.റ്റി.ഒ യുടെ അനുമതി ലഭിച്ചിരുന്നു. ബസ് സ്റ്റാന്റിനോടൊപ്പം തന്നെ പൊതുശൗചാലയവും സ്ത്രീകള്‍ക്കുളള വിശ്രമമുറിയുടെയും നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. ഇതോടൊപ്പം തന്നെ പോലീസ് ഔട്ട്‌പോസ്റ്റും തയ്യാറായിട്ടുണ്ട്.