അങ്കണവാടികളില്‍ പാലും പഞ്ചസാരയും പദ്ധതിയ്ക്ക് തുടക്കം

post

മലപ്പുറം: പൊന്നാനി നഗരസഭയിലെ അങ്കണവാടികളില്‍ പാലും പഞ്ചസാരയും പദ്ധതിക്ക് തുടക്കമായി. അങ്കണവാടി കുട്ടികളുടെ പോഷകക്കുറവ് പരിഹരിക്കുന്നതിനായി സര്‍ക്കാറിന്റെ വനിത ശിശു വികസന വകുപ്പിന്റെ പോഷകാഹാര പദ്ധതി പ്രകാരമാണ് പാലും പഞ്ചസാരയും പദ്ധതി നടപ്പാക്കുന്നത്. പ്രകൃതിദത്തമായ ഫ്ലേവറുകള്‍ അടങ്ങിയ മില്‍മ ഡിലൈറ്റ് പാലാണ് അങ്കണവാടികള്‍ വഴി വിതരണം ചെയ്യുന്നത്.

ഉയര്‍ന്ന ഊഷ്മാവില്‍ പ്രത്യേകം പ്രോസസ് ചെയ്ത പാലുകളാണ് വിതരണത്തിനെത്തിയിട്ടുള്ളത്. കൃത്രിമ ചേരുവകളില്ലാതെ കുട്ടികള്‍ക്ക് വിറ്റാമിന്‍ എ, ഡി എന്നിവ ചേര്‍ത്ത് സമ്പുഷ്ടമാക്കിയതാണ് ഈ പാല്‍. പൂര്‍ണ്ണമായും അണുവിമുക്തമാക്കിയ പാല്‍ 90 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാനാവും.

 നഗരസഭയിലെ 83 അങ്കണവാടികളിലെ 7879 കുട്ടികള്‍ക്കായി ആദ്യഘട്ടത്തില്‍ 2,36,370 പാല്‍ പാക്കറ്റുകളാണ് വിതരണത്തിന് എത്തിയത്.  പദ്ധതിയുടെ നഗരസഭ തല ഉദ്ഘാടനം  ബസ്സ്റ്റാന്‍ഡ് അങ്കണവാടിയില്‍ നഗരസഭ ചെയര്‍മാന്‍ സി.പി. മുഹമ്മദ് കുഞ്ഞി  നിര്‍വഹിച്ചു.