കോവിഡ്: വാര്‍ഡ് തലത്തില്‍ മൂന്നു സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കണം

post

കൊല്ലം: കോവിഡ് പടരുന്ന സാഹചര്യത്തില്‍  പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ തദ്ദേശ വാര്‍ഡ് തലത്തില്‍ മൂന്നു സന്നദ്ധ പ്രവര്‍ത്തകരെ വീതം നിയോഗിക്കണമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍ദേശിച്ചു. ഓരോ പഞ്ചായത്തും സന്നദ്ധപ്രവര്‍ത്തകരെ കണ്ടെത്തി നിയോഗിക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ഇന്നലെ(ഒക്ടോബര്‍ 12) കൂടിയ ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന  വീടുകളില്‍  ഒരു ശൗചാലയം മാത്രമുള്ള ഇടങ്ങളില്‍  രോഗബാധിതര്‍ ഉണ്ടായാല്‍  അവരെ പ്രത്യേകം കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കണം. ഗൃഹചികിത്സയ്ക്ക് സൗകര്യമില്ലാത്ത സാഹചര്യത്തില്‍ പ്രത്യേക സി എഫ് എല്‍ ടി സി കേന്ദ്രങ്ങളില്‍ അവരെ നിരീക്ഷിക്കാന്‍  സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കഴിയും. ആഹാരം മരുന്ന് എന്നിവ കൃത്യമായി എത്തിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. നിലവിലുള്ള ഒരു സി എഫ് എല്‍ ടി സി  യും  നിര്‍ത്തലാക്കരുതെന്ന് മന്ത്രി നിര്‍ദേശിച്ചു.

വ്യാപാരി വ്യവസായികള്‍ക്കും ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കും രോഗബാധ കൂടുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഇവരുടെ പ്രത്യേകം ഗ്രൂപ്പുകള്‍ രൂപീകരിക്കണം. ഈ ഗ്രൂപ്പുകള്‍ അവരവര്‍ തന്നെ നിയന്ത്രിച്ച് രോഗബാധ തടയുന്ന രീതിയിലാവണം. സെക്ടര്‍ ഓഫീസര്‍മാരും വാര്‍ഡ് തലത്തില്‍ ജനകീയ സമിതികളും  ഗ്രൂപ്പുകളെ നിരീക്ഷിക്കണം. പഞ്ചായത്ത് തലത്തില്‍ ആവശ്യമെങ്കില്‍ ഡോക്ടറെ നിയമിക്കാവുന്നതാണ്. വാര്‍ഡ്തല പ്രവര്‍ത്തനങ്ങളും സന്നദ്ധ പ്രവര്‍ത്തകരെയും നിരീക്ഷിക്കുന്നതിന് സെക്ടര്‍ ഓഫീസര്‍മാര്‍ക്ക് ചുമതല നല്‍കണം  സെക്ടര്‍ ഓഫീസര്‍മാരെ ഡി എം ഒ, പൊലീസ് കമ്മീഷണര്‍  എന്നിവരും ഇവയ്ക്കെല്ലാം മേല്‍ത്തട്ടില്‍  ജില്ലാ കലക്ടറും നിരീക്ഷിക്കാവുന്നതാണ്. വോളന്റിയര്‍മാര്‍ക്കും പോലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ പൂര്‍ണ്ണമായ സഹകരണം നല്‍കണം. കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്ന പഞ്ചായത്തുകളില്‍ സി എഫ് എല്‍ ടി സി കള്‍ ഇനിയും തുടങ്ങണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

ജനപ്രതിനിധികള്‍, വോളന്റിയര്‍മാര്‍, സെക്ടര്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ കോവിഡ് നിയന്ത്രണത്തിലാക്കാമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ മികച്ച സേവനമനുഷ്ഠിച്ച ജില്ല വിട്ടു പോകുന്ന  റൂറല്‍ എസ് പി ഹരിശങ്കറിന്  മന്ത്രിയും ജനപ്രതിനിധികളും  കലക്ടറും  മറ്റു ഉദ്യോഗസ്ഥരും അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു. എം പി മാരായ എ എം അരിഫ്, കെ സോമപ്രസാദ്, എം എല്‍ എ മാരായ എം നൗഷാദ്, പി അയിഷാ പോറ്റി, ജി എസ് ജയലാല്‍ ലാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.