പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം: കോട്ടക്കല്‍ മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളും സമ്പൂര്‍ണ്ണ സ്മാര്‍ട്ട്

post

കൊല്ലം : പൊതുവിദ്യാഭ്യാസ രംഗത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായതിന്റെ സംസ്ഥാന തല പ്രഖ്യാപനത്തിനോടനുബന്ധിച്ച് കോട്ടക്കല്‍ മണ്ഡലത്തിലെ ചടങ്ങുകള്‍ക്ക് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നേതൃത്വം നല്‍കി. കോട്ടക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് റൂമില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ സമ്പൂര്‍ണ്ണ സ്മാര്‍ട്ട് മണ്ഡല പ്രഖ്യാപനം ഉദ്ഘാടനം ചെയ്തു.

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്.ബി ധനസഹായത്തോടെ കൈറ്റ് നടപ്പിലാക്കുന്ന ഐ.ടി. പദ്ധതികളായ ഹൈടെക് സ്‌കൂള്‍ പദ്ധതി, ഹൈടെക് ലാബ് പദ്ധതി എന്നിവയോടൊപ്പം എം.എല്‍.എയുടെ ആസ്തി വികസന പദ്ധതി, പ്രത്യേക വികസന പദ്ധതി എന്നിവയില്‍ നിന്നും ഫണ്ടനുവദിച്ച് മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കും ഐ.സി.ടി ഉപകരണങ്ങളും വിതരണം ചെയ്തിട്ടുണ്ട്. ആസ്തി വികസന ഫണ്ടില്‍ നിന്ന് 14 ലക്ഷം രൂപ ചെലവഴിച്ച് മണ്ഡലത്തിലെ നഗരസഭ, പഞ്ചായത്ത് തലങ്ങളിലെ ഓരോ സ്‌കൂളുകളില്‍ വീതം സ്മാര്‍ട്ട് ക്ലാസ് റൂം സജ്ജീകരിച്ചിട്ടുമുണ്ട്.

പൊതുവിദ്യാഭ്യാസ ശാക്തീകരണ പദ്ധതി, എം.എല്‍.എ ഫണ്ട് എന്നിവ ഉപയോഗിച്ച് 1347 കമ്പ്യൂട്ടറുകള്‍, 717 പ്രൊജക്ടര്‍, 62 ഡെസ്‌ക്ടോപ്പ്, 360 മൗണ്ടിംഗ് ആക്‌സസറീസ്, 23 ടെലിവിഷന്‍, 23 മള്‍ട്ടി ഫംങ്ഷന്‍ പ്രിന്റര്‍, 23 ഡി.എസ്.എല്‍.ആര്‍ ക്യാമറ, 22 എച്ച്.ഡി. വെബ്കാം, 379 യു.എസ്.ബി സ്പീക്കര്‍, 671 സ്പീക്കര്‍ എന്നിങ്ങനെയാണ് ഇതുവരെയായി കോട്ടക്കല്‍ മണ്ഡലത്തിലെ സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുള്ളത്.

എട്ടു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ ഹൈടെക്കാക്കുന്ന 'ഹൈടെക് സ്‌കൂള്‍ പദ്ധതി' മണ്ഡലത്തില്‍ കഴിഞ്ഞ വര്‍ഷം തന്നെ ഏറെക്കുറെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഹൈടെക് സ്‌കൂള്‍ പദ്ധതി പ്രകാരം  24 ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ടെക്‌നിക്കല്‍, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കാണ് ഐ.സി.ടി ഉപകരണങ്ങള്‍ വിതരണം ചെയ്തിട്ടുള്ളത്. 89 എല്‍.പി, യു.പി. വിദ്യാലയങ്ങള്‍ക്കാണ് ഹൈടെക് ലാബ് പദ്ധതി പ്രകാരം ആദ്യഘട്ടത്തില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തിട്ടുള്ളത്. 28370 വിദ്യാര്‍ഥികള്‍ക്കാണ് ഹൈടെക് ലാബ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

പി.ടി.എ പ്രസിഡന്റ് മോഹന്‍കുമാര്‍ മാസ്റ്റര്‍ അധ്യക്ഷനായി. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ സാജിദ് മങ്ങാട്ടില്‍, എ.ഇ.ഒ പ്രദീപ്കുമാര്‍, ബി.പി.ഒ മുഹമ്മദലി മാസ്റ്റര്‍, ഹെഡ്മിസ്ട്രസ്സ് പി. ആര്‍ സുജാത, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സക്കറിയ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.