മലപ്പുറം ജില്ലാതല പട്ടയ മേളയില്‍ 3,269 പട്ടയങ്ങള്‍ വിതരണം ചെയ്തു

post

സ്വന്തമായി ഭൂമിയുള്ളവര്‍ക്കെല്ലാം നിയമാനുസൃതമായി പട്ടയം നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും 

മലപ്പുറം : ഭൂമി കൈവശമുള്ളവര്‍ക്കെല്ലാം നിയാനുസൃതമായി അവകാശം ഉറപ്പാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരന്‍. മലപ്പുറം നഗരസഭ ടൗണ്‍ ഹാളില്‍ ജില്ലാതല പട്ടയ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടയത്തിനു അപേക്ഷ സമര്‍പ്പിച്ചവരില്‍ അര്‍ഹരായവര്‍ക്കെല്ലാം ഭൂമിയില്‍ അവകാശം ഉറപ്പാക്കാനുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

ഏറനാട് താലൂക്കിലെ ഊര്‍ങ്ങാട്ടിരി വില്ലേജില്‍ വെങ്ങാട്മല കോളനിയിലെ തൊണ്ണൂറുകാരിയായ തെക്കേടത്ത് ജാനകിക്ക് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ആദ്യ പട്ടയം നല്‍കി. വിവിധ വിഭാഗങ്ങളിലായി 3,269 ഭൂവുടമകള്‍ക്കാണ് മേളയില്‍ പട്ടയങ്ങള്‍ വിതരണം ചെയ്തത്. 2,925 ലാന്റ് ട്രൈബ്യൂനല്‍ പട്ടയങ്ങളും വിവിധ താലൂക്കുകളില്‍ നിന്നുള്ള 177 പതിവു പട്ടയങ്ങളും 167 ഒ.എല്‍.എച്ച്.എസ്. പട്ടയങ്ങളും രണ്ടാംഘട്ട പട്ടയ വിതരണ മേളയില്‍ ഗുണഭോക്താക്കള്‍ക്കു നല്‍കി. 10 കൈവശ രേഖകളും വിതരണം ചെയ്തു.

സ്വന്തം ഭൂമിയില്‍ അവകാശം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍തല നടപടികള്‍ സാധാരണക്കാര്‍ക്കു പ്രയോജനപ്പെടുന്ന വിധത്തില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന്  ജില്ലാതല പട്ടയ മേളയില്‍ അധ്യക്ഷനായ പി. ഉബൈദുള്ള എം.എല്‍.എ. പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാവുന്നതിനു മുമ്പായി ഭൂരഹിത പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്ലാത്ത ജില്ലയായി മലപ്പുറം മാറുമെന്ന് ചടങ്ങില്‍ സംസാരിച്ച ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു. പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കു സ്വന്തമായി ഭൂമി ഉറപ്പാക്കാന്‍ 111 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.