ജലജീവന്‍ മിഷന്‍ പദ്ധതി പ്രവൃത്തി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

post

ജില്ലാതല ഉദ്ഘാടനം സ്പീക്കര്‍  നിര്‍വഹിച്ചു
മലപ്പുറം : ജലജീവന്‍ മിഷന്‍ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍  ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. അടുത്ത നാല് വര്‍ഷത്തിനിടെ പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാകുന്ന എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും  ജലജീവന്‍ മിഷന്റെ ഭാഗമായി ഗാര്‍ഹിക - കാര്‍ഷിക കുടിവെള്ള പദ്ധതികള്‍ക്ക് പുറമേ 69 കുടിവെള്ള പദ്ധതികള്‍ കിഫ് ബിയിലൂടെയും സംസ്ഥാനത്ത് യാഥാര്‍ഥ്യമായി വരുന്നുവെന്നും ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും പദ്ധതിയുടെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റിലൂടെ അറിയാനാവുന്ന വിധത്തില്‍ സുതാര്യവും സമയബന്ധിതവുമായി പദ്ധതി നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍, ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം തോമസ് ഐസക് എന്നിവര്‍ മുഖ്യാതിഥികളായി.
 ജലജീവന്‍ മിഷന്‍ പദ്ധതി പ്രവൃത്തികളുടെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. ജില്ലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ സ്ഥായിയായ പരിഹാരമാണ് ജലജീവന്‍ മിഷന്‍ പദ്ധതിയെന്നും കുടിവെള്ള പ്രശ്നത്തിന്  സ്ഥിരമായ പരിഹാരത്തിനാണ് ജില്ലയില്‍ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി 80 ശതമാനം പ്രവൃത്തി പൂര്‍ത്തിയായെന്നും അടുത്ത് തന്നെ നാടിന് സമര്‍പ്പിക്കുന്നുവെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ സംയുക്തമായി നടപ്പിലാക്കുന്ന സമഗ്രമായ പദ്ധതിയാണ് ജലജീവന്‍ മിഷന്‍. എല്ലാ ഗ്രാമീണ ജന വിഭാഗങ്ങള്‍ക്കും തടസ്സമില്ലാതെ സുരക്ഷിതമായ കുടിവെളളം വീടിനുള്ളില്‍ തന്നെ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജനകീയ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി മേല്‍നോട്ടത്തിലാണ് ജലജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കുന്നത്.
 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങള്‍ അധ്യക്ഷനായി.  മലപ്പുറം  പ്രൊജക്ട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി. ഷംസുദ്ധീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.