ജില്ലയില്‍ എട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

post

മലപ്പുറം : സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്റെ ഭാഗമായി ജില്ലയില്‍ വിവിധയിടങ്ങളിലായി പ്രവര്‍ത്തനസജ്ജമായ എട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ ആറ്) രാവിലെ 11ന് ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷയാവും. ചാലിയാര്‍, വാഴയൂര്‍, നന്നമ്പ്ര, തൃക്കലങ്ങോട്, ചേലേമ്പ്ര, കരുളായി, താനാളൂര്‍, പൊന്നാനി എന്നീ എട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.

നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആര്‍ദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. ജനങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ തന്നെ മികച്ച സൗകര്യങ്ങളോടു കൂടിയ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്നതാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി സേവന മേഖല വിപുലമാക്കിയിട്ടുണ്ട്.