പൊറ്റോടി അങ്കണവാടി കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു

post

മലപ്പുറം: തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ 84-ാം നമ്പര്‍ പൊറ്റോടി അങ്കണവാടിയുടെ പുതിയ കെട്ടിടം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു നല്‍കുന്ന കേന്ദ്രങ്ങള്‍ എന്നതിലുപരി സ്ത്രീകളെയും കുട്ടികളെയും സംബന്ധിക്കുന്ന നിരവധി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നുവെന്നതാണ് അങ്കണവാടികളെ ഒരു പ്രദേശത്തിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാര ലഭ്യത ഉറപ്പ് വരുത്തുന്നതിലുള്‍പ്പടെ മികച്ച സേവനങ്ങളാണ് അങ്കണവാടികള്‍ നല്‍കി വരുന്നതെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന ചടങ്ങില്‍ മന്ത്രി നേരിട്ടെത്തിയാണ് ഉദ്ഘാടന പരിപാടികളില്‍ പങ്കെടുത്തത്.

തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം പണി കഴിപ്പിച്ചത്. കാലപ്പഴക്കത്തെ തുടര്‍ന്ന് ഉപയോഗ്യമല്ലാതായതിനെ തുടര്‍ന്നാണ് തല്‍സ്ഥാനത്ത് പുതിയ കെട്ടിടം പണി കഴിപ്പിച്ചത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും രണ്ട് മാസം കൊണ്ടാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കുടിവെള്ളത്തിനായി കിണര്‍, ചുറ്റുമതില്‍ എന്നിവയും കെട്ടിടത്തോടൊപ്പം പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ചടങ്ങില്‍ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. പി. റംല അധ്യക്ഷയായിരുന്നു. തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. കുമാരന്‍ മുഖ്യാതിഥിയായിരുന്നു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പി. അബ്ദുല്‍ ഷുക്കൂര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ. ഉമ്മര്‍, പഞ്ചായത്ത് അംഗം വി. കെ. ഖമറുദ്ദീന്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.