കോവിഡ് കാറ്റഗറി എ രോഗികള്‍ക്ക് വീടുകളില്‍ ചികിത്സ നല്‍കും

post

മലപ്പുറം : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിവസേന വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തതോ നേരിയ തോതില്‍ രോഗലക്ഷണങ്ങളോടു കൂടിയ  കോവിഡ് പോസിറ്റീവ് (കാറ്റഗറി എ) രോഗികളെ വീടുകളില്‍ തന്നെ ചികിത്സ നല്‍കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കോവിഡ് പോസിറ്റീവാകുന്ന വ്യക്തികളെ മഞ്ചേരി മെഡിക്കല്‍ കോളജിലെ കണ്‍ട്രോള്‍ റൂമില്‍ നിന്നും / ജില്ലാ തല കോവിഡ് വാര്‍ റൂമില്‍ നിന്നും ഫോണ്‍ മുഖേന വിളിച്ച് വിവരം അറിഞ്ഞ് രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ രോഗി ഏത് വിഭാഗത്തില്‍ വരുന്നു എന്ന് നിശ്ചയിക്കുകയും കാറ്റഗറി എ യില്‍ വരുന്ന രോഗികള്‍ക്ക് ഹോം എൈസോലേഷന്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. വീടുകളില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍  താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം

മാര്‍ഗനിര്‍ദേശങ്ങള്‍  

*ഹോം ഐസൊലേഷന് മുന്‍പ് ആര്‍.ആര്‍.റ്റി ടീം/ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍  വീട് പരിശോധിച്ച് അനുയോജ്യമാണോ എന്നുളളത് ഉറപ്പ് വരുത്തും 

*രോഗലക്ഷണങ്ങളില്ലാത്തവരും ചെറിയ ലക്ഷണങ്ങളുളളവരും മാത്രമേ ഹോം ഐസൊലേഷനില്‍ നില്‍ക്കാന്‍ പാടുള്ളു. സിംഗിള്‍ ബാത്ത് അറ്റാച്ച്ഡ് റൂം ഉണ്ടായിരിക്കണം.

*ഗുരുതരമായ അസുഖമുള്ളവര്‍ (ഹൃദ്രോഗം , കാന്‍സര്‍ , ഡയബെറ്റി , ഹൈപ്പര്‍ ടെന്‍ഷന്‍, കിഡ്‌നി, മറ്റു രോഗങ്ങള്‍ക്ക് ചികിത്സിക്കുന്നവര്‍), 60 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ ഒഴികെയുള്ളവരെ ഹോം ഐസൊലേഷനില്‍ നിര്‍ത്തും

*ഹോം ഐസൊലേഷന്‍ ആളുകളെ പരിചരിക്കാന്‍ ആരോഗ്യവാനോ/ആരോഗ്യവതിയോ ആയ കെയര്‍ ടേക്കര്‍ ആവശ്യമാണ്. കെയര്‍ടേക്കര്‍ പൊതു ജനസസമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്.

*ഹോം ഐസൊലേഷനില്‍ കഴിയുന്ന രോഗികള്‍ ഒരു കാരണവശാലും വീട്ടിലെ മറ്റ് കുടുംബാംഗങ്ങളുമായി  അടുത്തിടപഴകുകയോ, പ്ലേറ്റ്, ഗ്ലാസ്,ടി വി റിമോട്ട് , മൊബൈല്‍ ഫോണ്‍ തുടങ്ങി മറ്റ് വീട്ടുപകരണങ്ങള്‍ ഷെയര്‍ ചെയ്ത് ഉപയോഗിക്കുവാനോ പാടില്ല.

*ആര്‍.ആര്‍.ടി മോണിറ്ററിങ് ദിവസേന നടത്തി (ഫോണ്‍ സര്‍വ്വയിലന്‍സും മൂന്ന് ദിവസം കുടുമ്പോള്‍ ഗൃഹ സന്ദര്‍ശനം)  രോഗിയുടെ നില പരിശോധിക്കുകയും അവ രേഖപ്പെടുത്തുകയും മെഡിക്കല്‍ ഓഫീസറെ അറിയിക്കുകയും ചെയ്യും.

*ശ്വാസം മുട്ട്, നെഞ്ചുവേദന, കടുത്ത ക്ഷീണം, തലകറക്കം ക്രമാതീതമായി നെഞ്ചിടിപ്പ് തോന്നുക, ചുണ്ടിന്റെ നീലനിറം എന്നിവയാണ് ഗുരുതരമായ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടനടി തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവര്‍ത്തകരെയൊ അല്ലായെങ്കില്‍ ജില്ലാ തല കണ്‍ട്രോള്‍ റൂമായ 0483 -  2733251, 0483 - 2733252, 0483 - 2733253  എന്നീ നമ്പറുകളിലോ വിവരം അറിയിക്കുകയും അവരുടെ നിര്‍ദേശ പ്രകാരം പ്രവത്തിക്കുകയും ചെയ്യണം.   ഏതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകളോ ബുദ്ധിമുട്ടുകളോ ഉണ്ടാവുകയാണെങ്കില്‍ തൊട്ടടുത്തുള്ള സി.എഫ്.എല്‍.ടി.സി  /കോവിഡ് ആശുപ്രതി എന്നിവിടങ്ങളിലേക്ക് എത്തുന്നതിന്  നിര്‍ദേശിക്കുകയാണെങ്കില്‍ പാര്‍ട്ടീഷ്യന്‍ വരുത്തിയ വാഹനങ്ങള്‍ ആംബുലന്‍സുകള്‍ /  രോഗിയുടെ സ്വന്തം വാഹനം എന്നിവ ഉപയോഗിക്കാം.

*ഹോം ഐസൊലേഷനില്‍ കഴിയുന്ന ഓരോ രോഗിയും പള്‍സ് ഓക്സീമീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്റെ  തോത് രണ്ട് നേരം നോക്കുകയും  94 ന് താഴെയാണെങ്കില്‍ ഉടനടി മെഡിക്കല്‍ ഓഫീസറെ അറിയിക്കണം.  വിവരങ്ങള്‍ സ്വയം ഒരു പുസ്തകത്തില്‍ എഴുതി സൂക്ഷിച്ച്  പ്രസ്തുത റീഡിംഗിന്റെ ഫോട്ടോ എടുത്ത് അതത്  പ്രദേശങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍ക്കോ മെഡിക്കല്‍ ഓഫീസര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ വാട്സ്-ആപ്പ് വഴി അയച്ചു കൊടുക്കാം. (പള്‍സ് ഓക്സിമീറ്റര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുഖേന  ലഭിക്കും. സ്വന്തമായി പള്‍സ് ഓക്സിമീറ്റര്‍ വാങ്ങുവാന്‍ സാധിക്കുന്നവര്‍ക്ക് വാങ്ങി ഉപയോഗിക്കുകയും  ചെയ്യാം.)

*ഹോം ഐസൊലേഷനിലുള്ള രോഗികള്‍  സമീകൃത ആഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും  ആവശ്യമായ വിശ്രമവും ഉറക്കവും ശീലമാക്കുകയും വേണം. ആരോഗ്യ പ്രവര്‍ത്തകരുടെ ഫോണ്‍ വിളികള്‍ രോഗി യഥാസമയം എടുക്കണം. രോഗിയും കെയര്‍ടേക്കറും സദാസമയം മൂന്ന് ലെയര്‍ മാസ്‌ക് ഉപയോഗിക്കണം. കൈകള്‍ ഇടക്കിടയ്ക്ക് സോപ്പ് വെള്ളം ഉപയോഗിച്ച് കഴുകണം. വസ്ത്രങ്ങളും, മുറികളും സ്വയം വൃത്തിയാക്കുകയും ബ്ലീച്ചിങ് സൊല്യൂഷന്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യണം.

*നിലവിലെ ഡിസ്ചാര്‍ജ് ഗൈഡന്‍സ് അനുസരിച്ച് 10-ാം ദിവസം തൊട്ടടുത്ത സി.എഫ്.എല്‍.റ്റി.സി/ടെസ്റ്റിങ് സെന്ററില്‍ ആന്റിജന്‍ പരിശോധന നടത്തുകയും അതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ മെഡിക്കല്‍ ഓഫീസര്‍ നല്‍കുകയും ചെയ്യും. പോസിറ്റീവാണെങ്കില്‍ മൂന്ന് ദിവസം കഴിഞ്ഞ് വീണ്ടും ടെസ്റ്റ് നടത്തുകയും നെഗറ്റീവാണെങ്കില്‍ ഏഴ് ദിവസം കൂടി റും ഐസൊലേഷനില്‍ ഇരിക്കണം. ടെസ്റ്റില്‍ നെഗറ്റീവാകുന്ന വ്യക്തികള്‍ ഏഴ് ദിവസത്തെ റൂം ഐസൊലേഷന് ശേഷം വീട് അണുവിമുക്തമാക്കാന്‍ ശ്രദ്ധിക്കണം.