വികസന മാറ്റങ്ങള്‍ ജനങ്ങളിലെത്തിച്ച് അമരമ്പലം ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ്

സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും ഇന്നോളമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിച്ച് മലപ്പുറം അമരമ്പലം ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് സമാപിച്ചു. പൂക്കോട്ടുംപാടം പി.വി.എം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിലൂടെ നിരവധി ആളുകള്‍ക്കാണ് വീട് നിര്‍മിച്ച് നല്‍കിയത്. ഗ്രാമപഞ്ചായത്തിലെ സബ്സെന്ററുകളുടെ നിലവാരം മെച്ചപ്പെടുത്തി. 500 പാലിയേറ്റീവ് രോഗികളുള്ള പഞ്ചായത്തില്‍ വീട്ടിലെത്തി പരിചരണം നല്‍കിവരുന്നു. സര്‍ക്കാരിന്റെ വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മിച്ചു. ആരോഗ്യം, മാലിന്യ സംസ്‌കരണം, അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനം, റോഡ് വികസനം തുടങ്ങി നിരവധി മേഖലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
അമരമ്പലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത രാജു അധ്യക്ഷത വഹിച്ച പരിപാടിയില്‍ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി.കെ. അനന്തകൃഷ്ണന്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ അനീഷ്, ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എം. ബിജു, രാജന്‍, വാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. അസിസ്റ്റന്റ് സെക്രട്ടറി ശിവദാസന്‍ പഞ്ചായത്ത് വികസന രേഖ അവതരിപ്പിച്ചു.