ജില്ലയില്‍ 968 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 602 പേര്‍ക്ക് രോഗമുക്തി

post

ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ വീഴ്ച പാടില്ല: ജില്ലാ കലക്ടര്‍

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 879 പേര്‍ക്ക് വൈറസ്ബാധ

ഉറവിടമറിയാതെ രോഗബാധിതരായവര്‍ 77 പേര്‍

രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ

രോഗബാധിതരായി ചികിത്സയില്‍ 5,997 പേര്‍

ആകെ നിരീക്ഷണത്തിലുള്ളത് 40,634 പേര്‍

മലപ്പുറം : ജില്ലയില്‍ ഇന്നലെ (ഒക്ടോബര്‍ 01) 968 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 879 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രോഗബാധയുണ്ടായവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ആറ് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് നിലവില്‍ ജില്ലയിലുള്ളതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജന സഹകരണം കൂടുതല്‍ ഉറപ്പാക്കേണ്ട സാഹചര്യമാണ് നിലവിലേത്. ഇക്കാര്യം ഉള്‍ക്കൊണ്ടുള്ള സമീപനമാണ് പൊതുജനങ്ങളില്‍ നിന്നുണ്ടാകേണ്ടത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നതിനിടെ നിയന്ത്രണങ്ങളില്‍ നല്‍കുന്ന ഇളവുകള്‍ യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടില്ല. ജനപങ്കാളിത്തത്തോടെ കോവിഡ് വ്യാപനം കുറക്കാനാകുമെന്നും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് നടത്തുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

അതിനിടെ ഇന്ന് 602 പേരാണ് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. 17,209 പേര്‍ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിത്. സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടവും ഇതര സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് ജനപങ്കാളിത്തോടെയുള്ള രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ചികിത്സാ സംവിധാനങ്ങള്‍ വിപുലമാക്കിവരികയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.