കോവിഡ് വ്യാപനം; കൂടുതല്‍ ജാഗ്രത ആവശ്യം: മന്ത്രി പി. തിലോത്തമന്‍

post

ആലപ്പുഴ: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. 'കരുതാം ആലപ്പുഴയെ' കോവിഡ് പ്രതിരോധ തീവ്രയജ്ഞ പരിപാടിയുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി നടന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും ദിനംപ്രതിയുള്ള പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തുറവൂര്‍, മുഹമ്മ, അരൂക്കുറ്റി ആശുപത്രികളില്‍ കൂടി പരിശോധന സംവിധാനം സജ്ജമാക്കണം.

പഞ്ചായത്ത് തലത്തിലുള്ള കോവിഡ് ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കോവിഡ് രോഗികള്‍ അല്ലാത്തവരുടെയും ചികിത്സാസൗകര്യങ്ങളില്‍ കൂടി ശ്രദ്ധപുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് എ എം ആരിഫ് എംപി അഭിപ്രായപ്പെട്ടു. മറ്റു രോഗങ്ങള്‍ക്കായുള്ള ചികിത്സക്കായി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എത്തുന്നവര്‍ക്കും പ്രാധാന്യം നല്‍കണമെന്നും അവര്‍ക്കായുള്ള ചികിത്സയ്ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഇതിനായി ആശുപത്രി അധികൃതരുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമ്പോള്‍ തീരദേശ, കയര്‍ മേഖലയില്‍ ഉള്ളവരുടെ ജീവിതമാര്‍ഗങ്ങള്‍ തടസ്സപ്പെടരുതെന്നും അവര്‍ക്കായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആരിഫ് എംപി പറഞ്ഞു.

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് ആര്‍ രാജേഷ് എംഎല്‍എ അഭിപ്രായപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളില്‍ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകളിലെ ജാഗ്രതാസമിതികളുടെ നിരീക്ഷണം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരിശോധനാ ഫലങ്ങള്‍ നേരത്തെ അറിയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യു പ്രതിഭ എംഎല്‍എ അഭിപ്രായപ്പെട്ടു.തുറവൂര്‍, അരൂക്കുറ്റി ആശുപത്രികള്‍ കൂടി സ്ഥിരം പരിശോധന സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജനപ്രതിനിധികള്‍ മുന്നോട്ടുവച്ച അഭിപ്രായങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. ജില്ലയിലെ കോവിഡ് സാഹചര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. കോവിഡ് തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ജില്ല ഭരണകൂടം ഒരു മാസക്കാലത്തേക്ക് ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതികള്‍ എല്ലാവരും ഏറ്റെടുക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

സജി ചെറിയാന്‍ എംഎല്‍എയുടെ പ്രതിനിധി, ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, ചേര്‍ത്തല നഗരസഭ ചെയര്‍മാന്‍ വി ടി ജോസഫ്, ജില്ലയിലെ ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ വഴി നടന്ന യോഗത്തില്‍ പങ്കെടുത്തു.