ഗാന്ധിജയന്തി: ഓണ്‍ലൈന്‍ പ്രസംഗവും, പോസ്റ്റര്‍ ഡിസൈനിങ് മത്സരവും

post

മലപ്പുറം: ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ കീഴില്‍ ഓണ്‍ലൈന്‍ പ്രസംഗം മത്സരവും പോസ്റ്റര്‍ ഡിസൈനിങ് മത്സരവും സംഘടിപ്പിക്കുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ഓണ്‍ലൈന്‍ പ്രസംഗമത്സരം. 'ഗാന്ധിജി ജീവിതവും ദര്‍ശനവും' എന്ന വിഷയത്തില്‍ അഞ്ച് മിനിറ്റില്‍ അധികരിക്കാത്ത പ്രസംഗം മൊബൈലിലോ ക്യാമറയിലോ വീഡിയോ റെക്കോര്‍ഡിങ് നടത്തി ഒക്ടോബര്‍ രണ്ടിന് രാവിലെ 10നും വൈകിട്ട് അഞ്ചിനുമിടയില്‍ 9895 586 567 എന്ന നമ്പറിലേക്ക് വാട്‌സാപ്പായി അയക്കണം. വീഡിയോ അയക്കുന്നവര്‍ പേര്, പഠിക്കുന്ന സ്ഥാപനം എന്നിവ പ്രസംഗത്തിന്റെ ആരംഭത്തില്‍ പറയണം. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്്  ക്യാഷ് അവാര്‍ഡ് നല്‍കും. 

കോവിഡ് പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പോസ്റ്റര്‍ ഡിസൈനിങ് മത്സരം സംഘടിപ്പിക്കുന്നത്.  വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍, ഡിസൈന്‍മാര്‍, ഡിസൈനിങ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍, സോപ്പ് ഉപയോഗം, പ്രതിരോധ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത എന്നിവ ഉള്‍പ്പെടുത്തി എ 3 വലിപ്പത്തില്‍ പോസ്റ്റര്‍ കമ്പ്യൂട്ടറില്‍ തയ്യാറാക്കി ജെ.പി.ഇ.ജി. ഫോര്‍മാറ്റില്‍ ഒക്ടോബര്‍ ആറിനകം diomlpm@gmail.com എന്ന ഇമെയിലിലേക്ക് അയക്കണം. തെരഞ്ഞെടുക്കുന്ന പോസ്റ്ററുകള്‍ ജില്ലയില്‍ ബോധവത്ക്കരണ പ്രചാരണത്തിനായി ഉപയോഗിക്കും. ഡിസൈന്‍ അയക്കുന്നവര്‍ പേര്, അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നിവ കൂടി ഉള്‍പ്പെടുത്തണം. തെരഞ്ഞെടുത്ത മൂന്ന് പോസ്റ്ററുകള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. മികച്ച പോസ്റ്ററുകളും പ്രസംഗങ്ങളും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക് പേജ്/ യൂട്യൂബ് എന്നിവയില്‍ അപ്‌ലോഡ് ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483: 2734387.