താനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം പുതുമോടിയിലേക്ക്: 10 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനിന് അംഗീകാരം

post

ഒരുക്കുന്നത് താലൂക്ക് ആശുപത്രിക്ക് സമാനമായ സൗകര്യങ്ങള്‍

മലപ്പുറം: മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള ആയിരക്കണക്കിനാളുകളുടെ ആശ്രയമായ താനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 10 കോടി രൂപയുടെ വികസനം വരുന്നു. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ 10 കോടി രൂപ ചെലവില്‍ താനൂര്‍ ബീച്ചിലെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ താലൂക്ക് ആശുപത്രിക്ക് സമാനമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളുള്‍പ്പെടെയുള്ളവര്‍ക്ക് മികച്ച സൗജന്യ ചികിത്സ സേവനം ലഭ്യമാക്കുന്നതിനായി സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്നും കെട്ടിടം പുതുക്കി പണിയണമെന്നുമുള്ള വി. അബ്ദുറഹ്മാന്‍ എം.എല്‍.എ.യുടെ ആവശ്യം പരിഗണിച്ച് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെടുകയും തുടര്‍ നടപടിയുണ്ടാകുകയുമായിരുന്നു.

ആരോഗ്യ വകുപ്പിലെയും പൊതുമരാമത്ത് കെട്ടിട വിഭാഗത്തിലെയും ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ തയ്യാറാക്കിയ സമഗ്ര മാസ്റ്റര്‍ പ്ലാന്‍  അംഗീകരിക്കുകയും ആശുപത്രിയിലെ ഏത് മേഖലകളില്‍ പ്രവൃത്തി നടപ്പാക്കണമെന്ന് തീരുമാനിക്കുകയും ചെയ്തതോടെ വികസന പ്രവൃത്തി എത്രയും വേഗം തുടങ്ങുന്നതിനായുള്ള സാഹചര്യമൊരുങ്ങി. പ്രത്യേകം സര്‍വേ നടത്തിയായിരുന്നു മാസ്റ്റര്‍ പ്ലാന്‍ രൂപീകരണം. 20 വര്‍ഷം മുന്‍കൂട്ടി കണ്ടുള്ള ആധുനിക സൗകര്യങ്ങള്‍ ആശുപത്രിയില്‍ സജ്ജമാക്കുന്നതിനാണ് 10 കോടിയുടെ പദ്ധതി നടപ്പാക്കുന്നതെന്ന് വി.അബ്ദുറഹ്മാന്‍ എം.എല്‍.എ. പറഞ്ഞു.

മൂന്ന് നിലകളുള്ള കെട്ടിടത്തിനാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാക്കിയിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ താഴത്തെ നിലയും ഒന്നാം നിലയും നിര്‍മിക്കും. വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ച് ഭരണാനുമതി നല്‍കുന്നതോടെ നിര്‍മാണ പ്രവൃത്തി തുടങ്ങും. വികസന പദ്ധതി പ്രവൃത്തി നടപ്പാക്കുന്നതിന്റെ ഭാഗമായി താനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം എം.എല്‍.എ.യുടെ നേതൃത്വത്തില്‍ താനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി. കെ. സുബൈദ, നഗരസഭ സെക്രട്ടറി മനോജ്, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. അന്‍വര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ഹാഷിം എന്നിവര്‍ ആശുപത്രി സന്ദര്‍ശിച്ചു. പദ്ധതി പ്രവൃത്തി എത്രയും വേഗം തുടങ്ങാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ. അറിയിച്ചു.