സന്നദ്ധസേനാ അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

post

മലപ്പുറം :  ദുരന്തനിവാരണത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ഓണ്‍ലൈന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ സാമൂഹിക സന്നദ്ധസേനാ അംഗങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ 21 സന്നദ്ധസേനാംഗങ്ങള്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ആദ്യഘട്ടത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ജില്ലയില്‍ നിന്നുള്ള 314 പേര്‍ക്കാണ്  ജില്ലാ  ആസ്ഥാനത്തും താലൂക്ക് ആസ്ഥാനങ്ങളിലും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്.

പ്രകൃതി ദുരന്തങ്ങളും മഹാമാരികളും നേരിടാന്‍ ഫലപ്രദമായ ദുരന്ത നിവാരണ സംവിധാനം ഏറ്റവും താഴെ തട്ടില്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ്  സംസ്ഥാനസര്‍ക്കാര്‍ സാമൂഹിക സന്നദ്ധ സേനയ്ക്ക് രൂപം കൊടുത്തത്. പ്രകൃതി ദുരന്തങ്ങളില്‍ സഹായം എത്തിക്കുന്നതിലുപരിയായി ഏത് പ്രാദേശിക പ്രതിസന്ധിയിലും സഹായത്തിനെത്തുന്ന  സന്നദ്ധ സേനയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ഓരോ നൂറ് പേര്‍ക്കും ഒരാള്‍ എന്ന നിലയില്‍ മൂന്നരലക്ഷം സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. 16 നും  65 നും ഇടയില്‍ പ്രായമുള്ള  ആര്‍ക്കും സന്നദ്ധ സേനയില്‍ അംഗങ്ങളാകാം.