ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച കെട്ടിടം ഇരുമ്പുഴി വടക്കുംമുറി ജി.എം.എല്‍.പി.സ്‌കൂളിന് സമര്‍പ്പിച്ചു

മലപ്പുറം: ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ഇരുമ്പുഴി വടക്കുംമുറി ജി.എം.എല്‍.പി സ്‌കൂള്‍ കെട്ടിടവും അനുബന്ധ വികസന പദ്ധതികളും പി.ഉബൈദുള്ള എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 40 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പുതിയ കെട്ടിടമാണ് ഉദ്ഘാടനം ചെയ്തത്. നാല് ക്ലാസ് മുറികളോടുകൂടിയുള്ള കെട്ടിടത്തിനൊപ്പം ഓപ്പണ്‍ ഓഡിറ്റോറിയവും ഇന്റര്‍ലോക്ക് ചെയ്ത മുറ്റവുമാണ് പദ്ധതിയുടെ ഭാഗമായി യാഥാര്‍ഥ്യമാക്കിയത്.
ആനക്കയം പഞ്ചായത്ത് പ്രസിഡന്റ് പി.ടി.സുനീറ അധ്യക്ഷയായിരുന്നു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സലീന, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശിഹാബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി. ഹഫ്‌സത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.കെ. കുഞ്ഞിമോന്‍, രജനി മോഹന്‍ദാസ്, പ്രഥമാധ്യാപിക ജമുന, പി.ടി.എ പ്രസിഡന്റ് പി.ബി. ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.