കോവിഡ് സൃഷ്ടിച്ചത് സ്പാനിഷ് ഫഌവിന് സമാനമായ സാഹചര്യം: മുഖ്യമന്ത്രി

post

തിരുവനന്തപുരം : കോവിഡ് 19 സൃഷ്ടിച്ചത് സ്പാനിഷ് ഫഌവിന് സമാനമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സ്പാനിഷ് ഫഌ പോലെ തന്നെ കുറച്ചുസമയം കഴിയുമ്പോള്‍ കോവിഡും അപ്രത്യക്ഷമായേക്കാം. എന്നാല്‍ അഞ്ചുകോടി മനുഷ്യരുടെ ജീവന്‍ കവര്‍ന്ന ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്.

സംസ്ഥാനത്ത് പല മേഖലകളിലും ജാഗ്രതക്കുറവ് കാണുന്നു. മാസ്‌ക് ധരിക്കാത്ത 5901 സംഭവങ്ങള്‍ ചൊവ്വാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്റീന്‍ ലംഘിച്ച ഒമ്പതുപേര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. സ്വയം നിയന്ത്രണം പാലിക്കാന്‍ പലരും മടികാണിക്കുന്നതായാണ് കാണുന്നത്. അതോടൊപ്പം ചില പ്രചാരണങ്ങളും നടക്കുന്നുണ്ട്. രോഗവ്യാപനം അനിയന്ത്രിതമായി എന്നും മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ ഇനി വലിയ കാര്യമില്ല എന്നുമാണ് പ്രചാരണം. വരുന്നിടത്തു വച്ചു നോക്കാം എന്ന ചിന്താഗതിയും വളരുന്നു. ഇത്  അപകടകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്പാനിഷ് ഫഌവിന്റെ കാലത്ത് നാലുവര്‍ഷം കൊണ്ട് ഏതാണ്ട് 50 കോടി ആളുകള്‍ക്ക് രോഗബാധയുണ്ടാവുകയും അഞ്ചുകോടിയോളം മനുഷ്യര്‍ മരിക്കുകയും ചെയ്തു. ആ കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ ശാസ്ത്രം ബഹുദൂരം പുരോഗമിച്ച സാഹചര്യത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കോവിഡിനെ ചെറുക്കാന്‍ മനുഷ്യരാശിക്ക് സാധിച്ചിട്ടുണ്ട്. എന്നിട്ടും ഏതാണ്ട് മൂന്നു കോടി പേര്‍ക്ക് രോഗബാധയുണ്ടാവുകയും പത്തു ലക്ഷം പേര്‍ മരണമടയുകയും ചെയ്തു. ഇന്ത്യയില്‍ മാത്രം ഇതുവരെ ഏകദേശം 50 ലക്ഷം പേര്‍ രോഗബാധിതരായി. മരണം എണ്‍പതിനായിരം കവിഞ്ഞു.

ലോകത്ത് ഇതുവരെ 10 ലക്ഷത്തില്‍ 119 പേരെന്ന നിരക്കിലാണ് മരണങ്ങളുണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ അത് 58 ആണ്. കര്‍ണ്ണാടകയില്‍ 120ഉം തമിഴ്‌നാട്ടില്‍ 117ഉം ആണ് ഡെത്ത് പെര്‍ മില്യണ്‍. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ അത് 13 ആണ്. ഇതു നമ്മുടെ പ്രവര്‍ത്തനങ്ങളുടെ മികവാണ് തെളിയിക്കുന്നത്. രോഗവ്യാപനത്തിന്റെ തോത് ചികിത്സാ സംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നതിലും അധികമായാല്‍ മരണസംഖ്യയും കൂടും. അങ്ങനെ സംഭവിക്കില്ല എന്ന് നമ്മളെല്ലാവരും ഉറച്ച തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാക്‌സിനുകള്‍ വരുന്നതു വരെ മാസ്‌ക്ക് ധരിക്കുക എന്നതാണ് ഈ അവസരത്തില്‍ ചെയ്യേണ്ട പ്രധാന കാര്യം. രണ്ടാമതായി നമുക്ക് ചുറ്റും ഒരു സുരക്ഷാകവചം തീര്‍ക്കുകയാണ്. നമ്മുടെ വീട്ടിലെ അംഗങ്ങള്‍ ഒഴികെ മറ്റെല്ലാവരും ആ സുരക്ഷാ വലയത്തിന് പുറത്താണെന്ന് മനസ്സിലാക്കണം. ജോലി സ്ഥലങ്ങളില്‍ ഒപ്പമുള്ളവരും സുഹൃത്തുക്കളുമായി ഇടപഴകുമ്പോള്‍ അശ്രദ്ധ കാണിക്കരുത്.

ജനക്കൂട്ടം ഒഴിവാക്കുകയും അടഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ ഒരുമിച്ച് ഇരിക്കുന്നത് ഒഴിവാക്കുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.