ജനഹിതമറിയാൻ സർക്കാർ വീട്ടുപടിക്കൽ: നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം സജീവം

post

കേരളത്തിന്റെ ഭാവിവികസനത്തിനുള്ള നിർദ്ദേശങ്ങളും ആശയങ്ങളും പൊതുജനങ്ങളിൽ നിന്നും നേരിട്ട് സ്വരൂപിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച 'നവകേരളം സിറ്റിസൺസ് റെസ്പോൺസ്' പ്രോഗ്രാം സംസ്ഥാനത്തുടനീളം പുരോഗമിക്കുന്നു. ഓരോ പ്രദേശത്തിന്റെയും വികസന ആവശ്യങ്ങൾ മനസ്സിലാക്കി അവിടങ്ങളിൽ അനുയോജ്യമായ വികസനം എത്തിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ, പദ്ധതികൾ എന്നിവയിൽ ജനകീയ അഭിപ്രായം രൂപീകരിക്കുന്നതിനും ക്ഷേമ പ്രവർത്തനങ്ങൾ എല്ലാ പ്രദേശങ്ങളിലും ആവശ്യകതയ്ക്കനുസരിച്ച് ലഭ്യമായോ എന്ന കാര്യത്തിൽ അഭിപ്രായം തേടുന്നതിനുമാണ് പദ്ധതി കൊണ്ട് ലക്ഷ്യംവയ്ക്കുന്നത്.  

ഇടുക്കി ജില്ലയിൽ സന്നദ്ധ പ്രവർത്തകർക്കൊപ്പം ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടും നേരിട്ട് ഭവന സന്ദർശനത്തിൽ പങ്കാളിയായി. തൊടുപുഴയിലെ പ്രമുഖ ഫിസിഷ്യൻ ഡോ. ജോസഫ് സ്റ്റീഫൻ ചാഴിക്കാടിന്റെ വസതിയിലാണ് കളക്ടറും സംഘവും എത്തിയത്. ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കാർഷിക മേഖലയെ സംരക്ഷിക്കണമെന്നും ഡോക്ടർ നിർദേശിച്ചു. ജില്ലയുടെ വികസനത്തിനായി ലഭിക്കുന്ന ഇത്തരം ക്രിയാത്മകമായ ആശയങ്ങൾ സർക്കാരിനെ അറിയിക്കുമെന്നും ആവശ്യമായ മാറ്റങ്ങൾ പ്രാവർത്തികമാക്കുമെന്നും കളക്ടർ ഉറപ്പുനൽകി.

പത്തനംതിട്ട ജില്ലയിൽ പ്രമോദ് നാരായൺ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രമുഖ വ്യക്തികളുടെ ഭവനങ്ങൾ സന്ദർശിച്ച് ജനുവരി ഒന്ന് മുതൽ വിവരശേഖരണം ആരംഭിച്ചു. ഓർത്തഡോക്സ് സഭ അടൂർ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സക്കറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, ക്നാനായ സഭ അധ്യക്ഷൻ കുറിയാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത, മുസ്ലിം ജമാഅത്ത് ഇമാം മുഹമ്മദ് കുട്ടി മൗലവി, സംവിധായകരായ ബ്ലെസി, ഡോ. ബിജു, സിനിമാതാരം പ്രശാന്ത് അലക്സാണ്ടർ, സാഹിത്യകാരൻ കൈപ്പട്ടൂർ തങ്കച്ചൻ തുടങ്ങിയവരെ സന്ദർശിച്ചു.


ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴ പഞ്ചായത്തിൽ കുടുംബശ്രീ പ്രവർത്തകരെ പങ്കെടുപ്പിച്ച് ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ സംഘടിപ്പിച്ചു. ക്ഷേമ പെൻഷനുകൾ മാസാദ്യത്തിൽ തന്നെ ലഭ്യമാക്കണമെന്നും കയർ മേഖലയുടെ നവീകരണത്തിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. മാവേലിക്കര മണ്ഡലത്തിൽ എം.എസ്. അരുൺകുമാർ എം.എൽ.എ കർമസമിതി അംഗങ്ങൾക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്തു. പുതിയ നഴ്സിംഗ് കോളേജ്, ജില്ലാ ആശുപത്രി വികസനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചർച്ചകളും ഇവിടെ സജീവമായി.


കോഴിക്കോട് ജില്ലയിൽ വികസന നിർദേശങ്ങൾ ലഭ്യമാക്കുന്നതിനായി വടകര നഗരസഭയിലെ വളണ്ടിയർമാർക്ക് ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. മുനിസിപ്പൽതല പരിശീലനത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി പ്രത്യേക ക്ലാസുകളും ഒരുക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ആലത്തൂർ നിയോജക മണ്ഡലത്തിൽ കർമസേനാംഗങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പരിശീലനം നടന്നു. വണ്ടാഴി, മേലാർക്കോട് പഞ്ചായത്തുകളിലെ അംഗങ്ങളാണ് ആദ്യഘട്ടത്തിൽ പങ്കെടുത്തത്. ജനുവരി 31 വരെ ജില്ലയിൽ ഗൃഹസന്ദർശന പരിപാടികൾ തുടരും.

കാസർഗോഡ് ജില്ലയിൽ മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ കർമ്മ സേനാംഗങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇതിനു പുറമെ ജില്ലയിൽ ഗൃഹസന്ദർശനവും ഊർജിതമായി നടക്കുന്നുണ്ട്. എം.എൽ.എമാരായ എം. രാജഗോപാലൻ, അഡ്വ. സി.എച്ച്. കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ, നിരൂപകൻ ഇ.പി. രാജഗോപാലൻ തുടങ്ങിയവരുടെ വീടുകളിൽ സംഘം സന്ദർശനം നടത്തി വിവരങ്ങൾ ശേഖരിച്ചു.