കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട പുതിയ നിർദ്ദേശങ്ങൾ താൽക്കാലികമായി മരവിപ്പിച്ചു

post

വിദ്യാഭ്യാസ നിലവാരവും  അധ്യാപകരുടെ അവകാശങ്ങളും സംരക്ഷിക്കും

സംസ്ഥാനത്തെ സർക്കാർ/എയിഡഡ് സ്‌കൂളുകളിലെ നിയമനങ്ങൾക്കുള്ള കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച പുതിയ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത്, കൂടുതൽ സ്പഷ്ടീകരണം ആവശ്യമായതിനാൽ, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മരവിപ്പിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 സുപ്രീം കോടതിയുടെ പുതിയ വിധിന്യായത്തിന്റെ പശ്ചാത്തലത്തിൽ, 2010 ഏപ്രിൽ 1ന് മുൻപ് സർവീസിൽ പ്രവേശിച്ച അധ്യാപകർക്കിടയിൽ ഉണ്ടായിട്ടുള്ള ആശങ്കകൾ സർക്കാർ ഗൗരവമായി കാണുന്നുവെന്നു മന്ത്രി പറഞ്ഞു.

2010 ഏപ്രിൽ 1ന് മുൻപ് സർവീസിൽ പ്രവേശിച്ച അധ്യാപകരെ പ്രതികൂലമായി ബാധിക്കുന്നതാണ് സുപ്രീം കോടതി വിധി. അന്നത്തെ നിയമന ചട്ടങ്ങൾ പാലിച്ചുകൊണ്ട് ജോലിയിൽ പ്രവേശിച്ച അധ്യാപകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനാൽ, ഈ വിധിക്കെതിരെ സുപ്രീം കോടതിയിൽ റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ അവകാശ നിയമം ലക്ഷ്യമിടുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് . എന്നാൽ, ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന, മികച്ച അനുഭവസമ്പത്തുള്ള അധ്യാപകരെ പിരിച്ചുവിടുന്നത് ഗുണനിലവാരത്തെ തകർക്കുകയേ ഉള്ളൂ . കെ-ടെറ്റ് നിലവിൽ വരുന്നതിന് മുൻപ് തന്നെ കേരളം വിദ്യാഭ്യാസ നിലവാരത്തിലും സാക്ഷരതയിലും മുൻപന്തിയിലായിരുന്നു എന്നത് നാം ഓർക്കണം. അന്നത്തെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ അധ്യാപകർ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകിപ്പോന്നത്.

കെ-ടെറ്റ് പരീക്ഷ കേരളത്തിൽ ആരംഭിച്ചത് 2012-ൽ മാത്രമാണ്. അതിനും വർഷങ്ങൾക്ക് മുൻപ് (2010-ന് മുൻപ്) ജോലിയിൽ പ്രവേശിച്ചവരോട്, ജോലിയിൽ കയറുമ്പോൾ ഇല്ലാതിരുന്ന ഒരു യോഗ്യത ഇപ്പോൾ നിർബന്ധമാണ് എന്ന് പറയുന്നത് സ്വാഭാവിക നീതിക്ക് നിരക്കുന്നതല്ല. കെ-ടെറ്റ് വരുന്നതിന് മുൻപ് സർവീസിൽ കയറിയവരെയും അതിനുശേഷം വന്നവരെയും ഒരേ തട്ടിൽ കാണുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 14-ന്റെ ലംഘനമാണെന്ന് സർക്കാർ വിലയിരുത്തുന്നു.

മുൻകാല പ്രാബല്യത്തോടെയുള്ള ഇത്തരം വിധികൾ നടപ്പിലാക്കുന്നത് അനേകം പേരുടെ തൊഴിൽ നഷ്ടപ്പെടുന്നതിനും വലിയ സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങൾക്കും കാരണമാകുമെന്നു മന്ത്രി പറഞ്ഞു.

നിലവിൽ യോഗ്യത നേടാൻ ആഗ്രഹിക്കുന്നവർക്കായി 2026 ഫെബ്രുവരിയിൽ കെ-ടെറ്റ് പരീക്ഷ നടത്തുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, 2010-ന് മുൻപ് നിയമിതരായ ഒരാൾക്ക് പോലും തൊഴിൽ നഷ്ടപ്പെടാതിരിക്കാൻ ആവശ്യമായ എല്ലാ നിയമപരമായ ഇടപെടലുകളും സർക്കാർ നടത്തും. അതിനാൽ അധ്യാപകർ ആശങ്കപ്പെടേണ്ടതില്ല.

ഈ വിഷയത്തിൽ അധ്യാപക സംഘടനകളുമായും നിയമവിദഗ്ധരുമായും ചർച്ച നടത്തിയ ശേഷം റിവ്യൂ പെറ്റീഷൻ നൽകുന്ന നടപടികൾ വേഗത്തിലാക്കാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നു മന്ത്രി കൂട്ടിച്ചേർത്തു.