സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗതയോഗ്യമാക്കി: മുഖ്യമന്ത്രി

post

തിരുവനന്തപുരം : സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗതയോഗ്യമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശംഖുമുഖം എയര്‍പോര്‍ട്ട് റോഡിന്റെ നിര്‍മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പൊതുമരാമത്ത് വകുപ്പിന് കീഴില്‍ 9530 കിലോമീറ്റര്‍ റോഡാണ് ഗതാഗതയോഗ്യമായത്. ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ 5000 റോഡുകളാണ് പുനരുദ്ധരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 961 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. റീബില്‍ഡ് കേരള പദ്ധതിയില്‍ ഗ്രാമീണ റോഡ് നിര്‍മാണത്തിന് 392 കോടി രൂപയുടെ ഭരണാനുമതി നല്‍കി. നൂറ്ദിന കര്‍മ പദ്ധതിയുടെ ഭാഗമായി 189 റോഡുകള്‍ മൂന്നു മാസത്തിനകം ഗതാഗതത്തിന് തുറന്നു നല്‍കും. കിഫ്ബിയില്‍ നിന്ന് 1451 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. കിഫ്ബിയുടെ 14700 കോടി രൂപയുടെ റോഡ് നവീകരണം ഉള്‍പ്പെടെ അടിസ്ഥാന വികസന പദ്ധതികള്‍ പുരോഗമിക്കുന്നു. നബാര്‍ഡിന്റെ സഹായത്തോടെ 950 കോടി രൂപ ചെലവഴിച്ചുള്ള റോഡ് നവീകരണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്.

158 കിലോമീറ്റര്‍ കെ. എസ്. ടി. പി റോഡ്, കുണ്ടന്നൂര്‍ വൈറ്റില ഫ്‌ളൈഓവര്‍ അടക്കം 21 പാലങ്ങള്‍ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാകും. സമസ്ത മേഖലയിലും കോവിഡ് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും ലക്ഷ്യമിട്ട വികസന പദ്ധതികള്‍ തടസമില്ലാതെ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. നാടിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സുഭിക്ഷ കേരളം പദ്ധതി നാട് സ്വീകരിച്ചു കഴിഞ്ഞു. 2100 കോടി രൂപയുടെ ഖരമാലിന്യ നിര്‍മാര്‍ജന പദ്ധതി സംസ്ഥാനത്തെ മാലിന്യ മുക്തമാക്കാന്‍ സഹായിക്കും. ക്ഷേമപ്രവര്‍ത്തനങ്ങളിലും സമാനതകളില്ലാത്ത നടപടി സ്വീകരിച്ചു. വികസനത്തിനും സേവനത്തിനും പുതിയ മാതൃക തീര്‍ത്ത് മുന്നേറാനാണ് ശ്രമിക്കുന്നത്. ജനങ്ങളുടെ പൂര്‍ണ പിന്തുണ കാരണമാണ്് ഇതെല്ലാം സാധ്യമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു.