കാറളത്ത് കുടുംബാരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ചു

post

തൃശൂര്‍ : കാറളം ഗ്രാമ പഞ്ചായത്തിലെ പുല്ലത്തറ കുടുംബാരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ചു. പ്രൊഫ. കെ. യു. അരുണന്‍ എം. എല്‍. എ യുടെ വികസന ഫണ്ടുപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനം എം. എല്‍. എ നിര്‍വഹിച്ചു. കെട്ടിട നിര്‍മ്മാണത്തിനായി ആസ്തി വികസന ഫണ്ടില്‍ നിന്ന് 43 ലക്ഷം രൂപയും, പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 4,15,000 രൂപയും അടക്കം ആകെ 47,15,000 രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികളാണ് നടത്തിയിട്ടുള്ളത്.

വിശാലമായ ഇരിപ്പിട സൗകര്യത്തോട് കൂടിയ ഫ്രണ്ട് ഓഫീസ് റൂം, മൂന്ന് പരിശോധനാ മുറികള്‍, ഫാര്‍മസി റൂം, സ്റ്റോര്‍ റൂം, ഫസ്റ്റ് ട്രീറ്റ്മെന്റ് റൂം, ശുചിമുറി എന്നീ സൗകര്യങ്ങളാണ് കെട്ടിടത്തില്‍ ഒരുക്കിയിട്ടുള്ളത്. കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് നടന്ന ഉദ്ഘാടന ചടങ്ങില്‍ കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. കെ. ഉദയപ്രകാശ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. എ. മനോജ്കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. കാത്തിരിപ്പ് കേന്ദ്രത്തിന്റെ സമര്‍പ്പണം കാറളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. എസ്. ബാബു നിര്‍വഹിച്ചു.

യോഗത്തില്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി. പ്രസാദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രമ രാജന്‍, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രമീള ദാസന്‍, ജന പ്രതിനിധികള്‍ ഡോ. സിജു യൂസഫ് എന്നിവര്‍ പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ കെ. വി. ധനേഷ് ബാബു സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത മനോജ് നന്ദിയും പറഞ്ഞു.