തെരുവുനായ പ്രശ്‌നം: ശാസ്ത്രീയവും മനുഷ്യത്വപരവുമായ സമീപനത്തിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ; മന്ത്രി ബിന്ദു കൃഷ്ണ

post

തെരുവുനായ പ്രശ്‌നത്തിനും പേവിഷബാധയ്ക്കും ശാശ്വത പരിഹാരം കാണാന്‍, വികാരപരമായ പ്രതികരണങ്ങള്‍ക്കപ്പുറം ശാസ്ത്രീയവും മനുഷ്യത്വപരവുമായ സമീപനം അനിവാര്യമാണെന്ന് തൊഴില്‍, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. മൃഗങ്ങളുടെയും മനുഷ്യന്റെയും ആരോഗ്യവും പരിസ്ഥിതിയും ഒരുമിച്ച് പരിഗണിക്കുന്ന 'വണ്‍ ഹെല്‍ത്ത്' സമീപനത്തിലൂടെ, മൃഗസംരക്ഷണ-ആരോഗ്യ-തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഏകോപനത്തോടെ മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാകൂ എന്ന് മന്ത്രി പറഞ്ഞു.


'കേരളത്തിലെ സുസ്ഥിര തെരുവുനായ ജനസംഖ്യാ നിയന്ത്രണവും പേവിഷബാധ പ്രതിരോധവും' എന്ന വിഷയത്തില്‍ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ എന്നിവ സംയുക്തമായി മണ്ണുത്തിയില്‍ സംഘടിപ്പിച്ച സംസ്ഥാനതല ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.


വളര്‍ത്തുനായകളുടെ രജിസ്‌ട്രേഷന്‍, ലൈസന്‍സിംഗ്, മൈക്രോചിപ്പിംഗ്, വാക്‌സിനേഷന്‍, വന്ധ്യംകരണം എന്നിവ കാര്യക്ഷമമാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ ഒരു ഏകീകൃത ഡിജിറ്റല്‍ പെറ്റ്മാനേജ്‌മെന്റ്‌സംവിധാനം വികസിപ്പിക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.


ശാസ്ത്രീയ വന്ധ്യംകരണവും (എബിസി) കൂട്ടത്തോടെയുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ്പും തുടര്‍ച്ചയായി നടത്തി, 2030-ഓടെ പേവിഷബാധ മൂലമുള്ള മനുഷ്യമരണങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കുക എന്ന ദേശീയ ലക്ഷ്യത്തിലേക്ക് കേരളം എത്തണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. പരിഹാരം കേന്ദ്രീകരണത്തിലല്ല, വികേന്ദ്രീകരണത്തിലാണെന്നും, ഓരോ വാര്‍ഡും സ്വന്തം പ്രദേശത്തെ നായകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന വാര്‍ഡ്തല മാതൃകയാണ് പ്രായോഗികമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


ചടങ്ങില്‍ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അനില്‍ അക്കര അധ്യക്ഷത വഹിച്ചു. സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. (ഡോ.) കെ.എസ്. അനില്‍ ആമുഖ പ്രസംഗം നടത്തി. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ. സിന്ധു, വെറ്ററിനറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.ആർ ബിനു പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.


തുടർന്ന് നടന്ന സാങ്കേതിക സെഷനുകളിൽ തെരുവുനായ നിയന്ത്രണം, പേവിഷ പ്രതിരോധം, മൃഗക്ഷേമ നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വിജയകരമായ മാതൃകകളും ശിൽപശാലയിൽ ചർച്ചയായി. സുസ്ഥിര തെരുവുനായ നിയന്ത്രണത്തിനായുള്ള ഔദ്യോഗിക ശുപാർശകൾ ക്രോഡീകരിച്ച് സർക്കാരിന് സമർപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.