വളാഞ്ചേരി നഗരത്തിന്റെ മുഖം മിനുക്കി ഐറിഷ് പദ്ധതി യാഥാര്‍ത്ഥ്യമായി

post

മലപ്പുറം: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് വളാഞ്ചേരി നഗരസഭയില്‍ നടപ്പാക്കിയ ഐറിഷ് മാതൃകയിലുള്ള ഡ്രെയ്‌നേജ് പദ്ധതിയുടെ ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. നിര്‍വഹിച്ചു. നഗരത്തില്‍ പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള റോഡിലും പട്ടാമ്പി റോഡിലുമായാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. ഫണ്ടില്‍ നിന്നും 75 ലക്ഷം രൂപ ഉപയോഗിച്ച് പൊതുമരാമത്ത് റോഡ് വിഭാഗമാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.

വളാഞ്ചേരി നഗരത്തിലെ മാലിന്യം പേറിയിരുന്ന ഓടകളാണ് ഐറിഷ് പദ്ധതി വരുന്നതോടെ വിസ്മൃതിയിലാകുന്നത്. കാല്‍നട യാത്രക്കാര്‍ക്കായി തിരക്കേറിയ പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡിന് ഇരു വശങ്ങളിലുമായി ഇന്റര്‍ലോക്ക് ചെയ്ത നടപ്പാതകളും ഒരുക്കിയാണ് ഐറിഷ് മോഡല്‍ നടപ്പാക്കിയത്. പ്രധാന ജംങ്ഷനില്‍ നിന്ന് പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള റോഡില്‍ ഇരുവശങ്ങളിലുമായി 350 മീറ്ററും പട്ടാമ്പി റോഡില്‍ 500 മീറ്ററുമാണ് ഐറിഷ് ഡ്രെയിനേജ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇന്റര്‍ലോക്ക് ചെയ്ത നടപ്പാതയോടൊപ്പം വശങ്ങളിലൂടെ മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനവുമാണ് ഐറിഷ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചിട്ടുള്ളത്.

നഗരസഭ ചെയര്‍പേഴ്സണ്‍ സി. കെ. റുഫീന അധ്യക്ഷയായിരുന്നു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ. എം. ഉണ്ണികൃഷ്ണന്‍, സ്ഥിരം സമിതി അംഗങ്ങളായ ചേരിയില്‍ രാമകൃഷ്ണന്‍, സി. അബ്ദുല്‍നാസര്‍, മൈമൂന, ഫാത്തിമക്കുട്ടി, കൗണ്‍സിലര്‍ ടി. പി. അബ്ദുല്‍ ഗഫൂര്‍, സെക്രട്ടറി സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.