ജല്‍ ജീവന്‍ മിഷന്‍: ഹൗസ് കണക്ഷന്‍ വഴി രണ്ടായിരം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനൊരുങ്ങി മൂര്‍ക്കനാട് പഞ്ചായത്ത്

post

മലപ്പുറം : ജല്‍ ജീവന്‍ മിഷന്‍ വഴി രണ്ടായിരം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുകയാണ് മൂര്‍ക്കനാട് പഞ്ചായത്ത്. ജില്ലയില്‍ ആദ്യമായാണ് ഒരു പഞ്ചായത്ത്  സമ്പൂര്‍ണമായി ഹൗസ് കണക്ഷന്‍ വഴി കുടിവെള്ളം എത്തിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ജല്‍ ജീവന്‍ പദ്ധതിയിലൂടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പുറമെ പഞ്ചായത്ത് ഫണ്ടും ഗുണഭോക്തൃവിഹിതവും ചേര്‍ത്താണ് പദ്ധതി നടപ്പാക്കുന്നത്.

രണ്ടു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ മൂന്ന് കോടി 23 ലക്ഷം രൂപയാണ് പദ്ധതി നടത്തിപ്പുകള്‍ക്കായി മാറ്റി വച്ചിരിക്കുന്നത്. ആകെ തുകയുടെ പതിനഞ്ച് ശതമാനം 4845000 രൂപ പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും ബാക്കി 45 ശതമാനം കേന്ദ്ര വിഹിതവും 30 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വിഹിതവും 10 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 104800000 രൂപയാണ് കണക്കാക്കിയിരിക്കുന്നത്. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന 95 ശതമാനം പൈപ്പ് ലൈനുകളും ദീര്‍ഘിപ്പിക്കുകയും പുതിയ കണക്ഷനുകള്‍ ആവശ്യമായി വരുന്നിടത്ത് കണക്ഷനുകള്‍ നല്‍കുകയും ചെയ്തു വരുന്നു.

നിലവിലുള്ള പുന്നക്കാട് തുടിയാര്‍ കോട്ടയിലെ വാട്ടര്‍ ടാങ്കിന് പുറമെ 15 മീറ്റര്‍ ഉയരത്തില്‍ മറ്റൊരു ടാങ്ക് കൂടി അധികമായി സ്ഥാപിക്കുകയും ഇപ്പോള്‍ ഉപയോഗത്തിലുള്ള ഓണപ്പുട-കൊളത്തൂര്‍-കുറുപ്പത്താല്‍ പൈപ്പ് ലൈനിന്റെ വ്യാസവും കാര്യശേഷിയും വര്‍ധിപ്പിച്ച്  ഇല്ലിക്കോട്-വേങ്ങാട്-ഗോകുലം വരെയുള്ള ഭാഗങ്ങളില്‍ പൈപ്പ്ലൈന്‍ പുനരുദ്ധാരണം നടത്തിയാണ് പ്രാഥമിക ഘട്ടത്തില്‍ ജലവിതരണം നടക്കുക. ഇതിന് പുറമെ മൂന്നാം വാര്‍ഡിലെ വടക്കേ കുളമ്പ് ഭാഗത്തേക്ക് സാധാരണഗതിയില്‍ വെള്ളം എത്തുക പ്രയാസമായിരുന്നതിനാല്‍  ഇവിടെ അഡീഷനലായി ഒരു ടാങ്ക് കൂടി സ്ഥാപിച്ച്  നിലവില്‍ വെള്ളം എത്തുന്ന താഴെ ഭാഗത്ത് നിന്ന് മോട്ടോര്‍ ഉപയോഗിച്ച് ഈ ടാങ്കിലേക്ക് പമ്പ് ചെയ്ത് ജല വിതരണം എളുപ്പമാക്കുകയും ചെയ്യുന്നു. ആദ്യഘട്ടത്തിലെ രണ്ടായിരം കുടുംബങ്ങള്‍ക്ക് പുറമെയുള്ള 4360 വീടുകളിലേക്കുള്ള കണക്ഷന്‍ അടുത്ത ഘട്ടത്തില്‍ നല്‍കുമെന്നും ഹൗസ് കണക്ഷന് അപേക്ഷ നല്‍കിയ 2000 പേരുടെ വിവരങ്ങള്‍ ഈ മാസം പതിനഞ്ചോടെ വാട്ടര്‍ അതോറിറ്റിക്ക് കൈമാറി തുടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും പ്രസിഡന്റ് കെ.രാജഗോപാല്‍ പറഞ്ഞു.