മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും ഓണാശംസ കാര്‍ഡുകള്‍ അയച്ച് കുട്ടികള്‍

post

മലപ്പുറം : കോവിഡ് 19 പ്രതിരോധത്തിനിടയിലെ ഓണാഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുകയാണ് തവനൂര്‍ ഗവ.ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍. പുതു പ്രതീക്ഷകള്‍ വരവേല്‍ക്കുന്ന ഓണത്തിന് കുട്ടികള്‍  ആരോഗ്യ- സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കും  ഉദ്യോഗസ്ഥര്‍ക്കും ഓണാശംസ ഗ്രീറ്റിംങ് കാര്‍ഡുകള്‍ അയച്ചു. കുട്ടികള്‍ സ്വന്തമായി നിര്‍മിച്ച കാര്‍ഡുകളാണ് വാട്ട്സ്ആപ്പ് വഴിയും ഓണ്‍ലൈന്‍ വഴിയും അയച്ചുകൊടുത്തത്.  

കോവിഡിനിടയിലും അത്തം മുതല്‍ വിവിധ ഓണഘോഷ മത്സരങ്ങളാണ് ചില്‍ഡ്രന്‍സ് ഹോമില്‍ സംഘടിപ്പിച്ചിരിക്കുന്നത്.  പൂക്കള മത്സരം, ഓണപ്പാട്ട് മത്സരം, ഫാന്‍സിഡ്രസ്, ഷൂട്ട്ഔട്ട്, വെളളം കുടി മത്സരം, ലെമണ്‍ ആന്‍ഡ് സ്പൂണ്‍, കുടം പൊട്ടിക്കല്‍, മെഴുകുതിരി കത്തിച്ച് നടത്തം തുടങ്ങി വിവിധ ഇന്‍ഡോര്‍ ഔട്ട്ഡോര്‍ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. തിരുവോണ ദിനത്തില്‍ ഓണസദ്യയോടൊപ്പവും മത്സരങ്ങളും ഉണ്ടാകും.  പരിപാടിയില്‍ ഓറിഗാമി ഗ്രീറ്റിങ് കാര്‍ഡ് നിര്‍മാണ മത്സരവും പൂക്കള്‍ നിര്‍മാണ മത്സരവും സംഘടിപ്പിച്ചു.  ഓണ്‍ലൈനായി കുട്ടികള്‍ക്ക് ഓറിഗാമി പരിശീലനം നല്‍കിയിരുന്നു.  കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്  പുറത്ത് നിന്നും ആരെയും പങ്കെടുപ്പിക്കാതെ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളും ജീവനക്കാരും മാത്രം ചേര്‍ന്നാണ് ഇക്കൊല്ലത്തെ ഓണം ആഘോഷിക്കുന്നത്.

മന്ത്രി കെ.കെ ഷൈലജ ടീച്ചറെ കൂടാതെ വകുപ്പ്  ഡയറക്ടര്‍ അനുപമ ഐഎഎസ്, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഷാജേഷ് ഭാസ്‌കര്‍, ജില്ലാ വനിത ശിശു വികസന ഓഫീസര്‍ തസ്‌നീം, ജില്ലാ ശിശു വികസന ഓഫീസര്‍ ഗീതാഞ്ജലി എന്നീ ജില്ലയിലെ ശിശു സംരക്ഷണ ഉദ്യാഗസ്ഥര്‍ക്കാണ് ആശംസ കാര്‍ഡുകള്‍ ഓണ്‍ലൈനായി അയച്ചു കൊടുത്തത്. പരിപാടികള്‍ക്ക് സ്ഥാപന സൂപ്രണ്ട്  ബിനു ജോണ്‍, സ്ഥാപന കൗണ്‍സലര്‍ പി.ടി ശിഹാബ്, കെയര്‍ ടേക്കര്‍ എന്‍ സുബൈര്‍,  ഉണ്ണി മമ്മു, ചൈല്‍ഡ് വെല്‍ഫെയര്‍ ഇന്‍സ്‌പെക്ടര്‍ കെ.ഷാഫി , കെയര്‍ പ്രൊവൈഡര്‍ അര്‍ജുന്‍, സുമ തുടങ്ങിയവര്‍  നേതൃത്വം നല്‍കി.