സെയ്ഫ് ആണ് ഇവര്‍ക്കിപ്പോള്‍ ലൈഫ്

post

കണ്ണൂര്‍ : 'ഇപ്പൊ ധൈര്യായി കെടന്നുറങ്ങാ... ഭയോന്നൂല്ല, സന്തോഷം മാത്രേ ഉള്ളൂ...' ഇത് കുറുമാത്തൂര്‍ പഞ്ചായത്തിലെ എ ദേവിയുടെ വാക്കുകളാണ്. ലൈഫ് ഭവനപദ്ധതിയില്‍ തളിരിട്ട ലക്ഷക്കണക്കിന് ജീവിതങ്ങളില്‍ ഒന്ന്. ദേവിക്ക് മാത്രമല്ല കൂനത്തെ സരസ്വതിക്കും ഇത് സുരക്ഷിതത്വത്തിന്റെ പൊന്നോണക്കാലമാണ്. മാനസികാസ്വാസ്ഥ്യമുള്ള മകനുമായി ദേവിക്കും പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി സരസ്വതിക്കും മനസ്സമാധാനത്തോടെ സ്വന്തം കിടപ്പാടങ്ങളില്‍ ഇപ്പോള്‍ തലചായ്ക്കാം.

കുറുമാത്തൂര്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡ് സ്വദേശിയാണ് ദേവി. ഭര്‍ത്താവ് ലക്ഷ്മണന് കൂലിപ്പണിയാണ്. രണ്ട് മക്കള്‍. മകളെ വിവാഹം ചെയ്തയച്ചു. 27 കാരനായ മകന്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ ചെയ്യുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും അന്തിയുറങ്ങാന്‍ ഒരു കൂരയുണ്ടല്ലോ എന്ന ആശ്വാസവും അവസാനിച്ചത് പൊടുന്നനെയായിരുന്നു. കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ച വീട് തകര്‍ന്നു വീഴുമ്പോള്‍ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നില്‍. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി രണ്ട് വര്‍ഷത്തോളം ഒറ്റമുറി ഷെഡ്ഡില്‍ താമസം. പിന്നീടാണ് ലൈഫ് പദ്ധതിയെക്കുറിച്ചറിയുന്നതും അപേക്ഷിക്കുന്നതും. ആറ് മാസം കൊണ്ട് വീട് റെഡി.

'മോനേം കൊണ്ട് ആകെ വിഷമിച്ചു. ഞാന്‍ നേരാംവണ്ണം ഉറങ്ങാറൊന്നും ഇല്ല. വീട്ടില്‍ നില്‍ക്കാന്‍ തന്നെ പേടിയായിരുന്നു. പക്ഷെ ഇപ്പൊ ആ പേടിയൊന്നും ഇല്ല. ധൈര്യായി ഉറങ്ങാന്‍ കെടക്കാം ' - ദേവി പറയുന്നത് പോലെ അടച്ചുറപ്പുള്ള വീട്ടില്‍ കഴിഞ്ഞ ഏഴ് മാസമായി മനസ്സമാധാനത്തോടെ കഴിയുകയാണ് ഈ കുടുംബം.

കൂനത്തെ ടി വി സരസ്വതിക്കും പറയാനുണ്ട് ദേവിയെപ്പോലെ സുരക്ഷിതത്വത്തിന്റെ മറ്റൊരനുഭവം. അഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച് പോകുമ്പോള്‍ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും പഴകി ദ്രവിച്ച വീടും മാത്രമേ സരസ്വതിക്ക് കൂട്ടായി ഉണ്ടായിരുന്നുള്ളൂ. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ മക്കളായ അഭിനന്ദിനും ശ്രീലക്ഷ്മിയ്ക്കുമൊപ്പം ദിനങ്ങള്‍ തള്ളിനീക്കുമ്പോള്‍ ഭയം മാത്രമായിരുന്നു മനസ്സില്‍. എന്നാല്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആ ഭൂതകാലത്തിലല്ല സരസ്വതിയും മക്കളും ഇന്ന്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കാത്ത പുത്തന്‍ വീടെന്ന സ്വപ്നം മൂന്ന് മാസം മുമ്പ് ഇവര്‍ക്ക് യാഥാര്‍ഥ്യമായി. ലൈഫ് നല്‍കിയ ഈ വീടിനുള്ളില്‍ കളിചിരിയുമായി ഹാപ്പിയാണ് അഭിനന്ദിനും ശ്രീലക്ഷ്മിയ്ക്കുമൊപ്പം സരസ്വതി.