വായന കാണാത്ത ലോകത്തെയും കാണാത്ത ആളുകളെയും അനുഭവിപ്പിക്കുന്നു: മേയർ
വായന എന്നത് നാം കാണാത്ത ലോകത്തെയും കാണാത്ത ആളുകളെയും അനുഭവിപ്പിക്കുന്ന മാജിക് ആണെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിര. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്-കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച വായന മാസാചരണം, പി എൻ പണിക്കർ അനുസ്മരണം എന്നിവയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ എസ്എൻ കോളേജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
30 സെക്കൻഡ് കാണുന്ന റീൽസ് ഏറെക്കാലം ഉള്ളിൽ തങ്ങി നിൽക്കില്ലെന്നും എന്നാൽ വായനയ്ക്ക് ദീർഘകാലം നീണ്ടു നിൽക്കുന്നതും മനുഷ്യനെ മാറ്റിമറിക്കാൻ ശേഷിയുള്ളതുമായ അനുഭവം പകർന്നു നൽകാൻ ശേഷിയുള്ളതായും മേയർ പറഞ്ഞു.
പുസ്തകവായനയിൽ നിന്ന് കിട്ടുന്ന അറിവും സംതൃപ്തിയും വേറെ തന്നെയാണെന്ന് മേയർ പറഞ്ഞു. സോഷ്യൽ മീഡിയ ഇന്ന് അത്യാവശ്യമാണ്. എന്നാൽ അതിൽ മാത്രം വിദ്യാർത്ഥികൾ ഒതുങ്ങരുത്.
പരിപാടിയിൽ കോളജ് പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ. രാജീവ് എം അധ്യക്ഷനായി.ഇ-വായനയിലെ നെല്ലും പതിരും തിരിച്ചറിയാൻ സാധിക്കണമെന്ന് മുഖ്യാതിഥിയായ ജില്ലാ കലക്ടർ പി വിഷ്ണുരാജ് ചൂണ്ടിക്കാട്ടി. ഉത്തരവാദിത്ത വായന പ്രധാനമാണ്. വായിക്കുന്ന ഒരാൾ ആയിരം ജീവിതങ്ങൾ ജീവിക്കുമ്പോൾ വായിക്കാത്ത ആൾ തന്റെ ഒറ്റ ജീവിതമേ ജീവിക്കുന്നുള്ളൂ എന്ന് കലക്ടർ പറഞ്ഞു. തുടർച്ചയായ വായന മസ്തിഷ്കത്തിലെ കോശങ്ങളെ സജീവമാക്കി നിർത്തും. നമുക്ക് ആവശ്യമുള്ളത് എന്താണെന്നും നമ്മുടെ ചുറ്റിലുമുള്ള സമൂഹത്തിന് എന്തു വേണം എന്നും തിരിച്ചറിഞ്ഞു വേണം ഇ-വായനയിലെ തിരഞ്ഞെടുപ്പെന്ന് കലക്ടർ പറഞ്ഞു.
ഗ്രാമഗ്രാമാന്തരങ്ങളിൽ കാൽനടയായി നടന്നു, അക്ഷരമാണ് അഗ്നി എന്ന സന്ദേശം വിതറിയ മഹാനുഭാവനാണ് പി എൻ പണിക്കർ എന്ന് പി എൻ പണിക്കർ അനുസ്മരണ ഭാഷണം നടത്തിയ കണ്ണൂർ പി എൻ പണിക്കർ ഫൗണ്ടേഷനിലെ പി സതീഷ് കുമാർ ചൂണ്ടിക്കാട്ടി. കേരളമൊട്ടുക്കും ലൈബ്രറികൾ സ്ഥാപിക്കാൻ മുഖ്യപങ്കുവഹിച്ച പണിക്കർ തന്നെയാണ് സാക്ഷരത പ്രസ്ഥാനത്തിലേക്കും ചുവടുവച്ചത്.
ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ വായനയിൽ വിപണിയ്ക്ക് പ്രിയങ്കരങ്ങളായ പുസ്തകങ്ങളാണ് കൂടുതലായും മുന്നിൽ എത്തുന്നതെന്നും അത്തരം വായന നാളത്തേക്ക് വായനക്കാരന് ഏതെങ്കിലും തരത്തിൽ പ്രയോജനപ്പെടില്ലെന്നും 'ഇ-വായന നെല്ലുംപതിരും' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തിയ യുവ എഴുത്തുകാരി ജിൻഷ ഗംഗ പറഞ്ഞു.എന്തു വായിക്കണം വായിക്കരുത് എന്നത് തീർത്തും വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്.പക്ഷേ വിപണി മുന്നോട്ടുവെക്കുന്ന വായനയുടെ കൂടെ അറിവും അനുഭവവും അനുകമ്പയും മാനുഷികതയും പ്രദാനം ചെയ്യുന്ന വായന കൂടി ഉൾപ്പെടുത്തണമെന്ന് അവർ അഭ്യർത്ഥിച്ചു.ഡയറക്ടറേറ്റ് ഓഫ് സെൻസസ് ഓപ്പറേഷൻസിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ വിജുല കെ സെൻസസ് 2027 ന്റെ ഭാഗമായി സെൽഫ് എന്യൂമറേഷൻ ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു.
ഡി.ഡി.ഇ ഷൈനി ഡി വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് കൗൺസിലർ സീന കെ പി, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ, സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ ഷാജു ജോൺ,സമഗ്രശിക്ഷ കേരളം ജില്ലാ കോർഡിനേറ്റർ കെ.വി ദീപേഷ്, കോളേജ് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഡോ. അയന എൻ, ഐ.ക്യുഎ.സി കോർഡിനേറ്റർ ഡോ. ജിതേഷ് കെ, കോളേജ് യൂണിയൻ ഫൈനാർട്സ് സെക്രട്ടറി അനന്തഹരി മഹേന്ദ്രൻ എന്നിവർ ആശംസ നേർന്നു.ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ് സ്വാഗതവും മലയാളം വകുപ്പ് മേധാവി ഡോ. ഷനോജ് എം.പി നന്ദിയും പറഞ്ഞു.പി എൻ പണിക്കർ ഫൗണ്ടേഷൻ, ജില്ലാ ഭരണകൂടം, പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ ലൈബ്രറി കൗൺസിൽ, സമഗ്രശിക്ഷ കേരളം, ജില്ലാ സാക്ഷരത മിഷൻ, എസ്.എൻ കോളേജ് മലയാള വിഭാഗം എന്നിവരുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.










