മെന്റര്‍ മാപ്പിംഗ് കുട്ടികള്‍ക്കായൊരു മനശാസ്ത്ര പഠന സഹായ പദ്ധതി

post

ഇടുക്കി : വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ 'മെന്റര്‍ മാപ്പിംഗ്' മനശാസ്ത്ര വിദ്യാഭ്യാസ പഠന സഹായ പദ്ധതിയുടെ പഠന റിപ്പോര്‍ട്ടിന്റെ പ്രകാശനം നടത്തി. ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ദിനേശ്.എം.പിളള ആദ്യ കോപ്പി, ശിശുവികസന ഓഫീസര്‍ ജിഷ ജോസഫിന് നല്‍കി പ്രകാശന കര്‍മ്മത്തിന്റെ ഉദ്ഘാടനം നര്‍വഹിച്ചു. 

ബാല്യകാലത്ത് തന്നെ കുട്ടികളുടെ പരിമിതികളും കഴിവുകളും വിവിധ മനശാസ്ത്ര ടെസ്റ്റുകളിലൂടെ തിരിച്ചറിയുന്നതാണ് മെന്റര്‍ മാപ്പിംഗിലൂടെ ചെയ്യുന്നത്. ഇത്തരം തിരിച്ചറിവിലൂടെ കുട്ടികള്‍ക്കാവശ്യമായ പിന്തുണയും സഹായവും നല്‍കി അവരുടെ പ@നത്തിലും  ജീവിതത്തിലും ശാരീരിക ആരോഗ്യം പോലെ മാനസിക ആരോഗ്യവും ഉറപ്പാക്കി മികവുള്ളവരാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പഞ്ചായത്തിലെ അഞ്ച് സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് പദ്ധതിയില്‍ പങ്കാളികളായത്. അതോടൊപ്പം വിദ്യാര്‍ത്ഥിക്ക് അദ്ധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള പരസ്പര ബന്ധത്തെ കൂടുതല്‍ തിരിച്ചറിവോടെ ഇടപെടാന്‍ ഈ രീതി ശാസ്ത്രത്തെ ഉപയോഗപ്പെടുത്താനാവും.

 പ്രകാശന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാജശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. മാപ്പിംഗ് അക്കാഡമി കോ.ഓര്‍ഡിനേറ്റര്‍ വി.വി. ഷാജി പഠന റിപ്പോര്‍ട്ടും പൂമാല സ്‌കൂളിലെ കൗണ്‍സിലറും സൈക്കോളജിസ്റ്റുമായ മെറിന്‍ പോള്‍ മനശാസ്ത്ര പഠന അനുഭവങ്ങളും അവതരിപ്പിച്ചു. യോഗത്തില്‍ പഞ്ചായത്തംഗങ്ങളായ ഷെമീന അബ്ദുള്‍ കരീം, അഞ്ചു സിജി. കെ.കെ.രാഘവന്‍, രാജു കുട്ടപ്പന്‍, ലാലി ജോസി, ജാഗ്രതാ ഫെസിലിറ്റേറ്റര്‍ സെല്‍മണ്ട്, പഞ്ചായത്ത് കോ.ഓര്‍ഡിനേറ്റര്‍ ശശികുമാര്‍ കിഴക്കേടം എന്നിവര്‍ സംസാരിച്ചു. യോഗത്തിന് ടെസ്സി മോള്‍ മാത്യു സ്വാഗതവും വി.ജി.മോഹനന്‍ നന്ദിയും പറഞ്ഞു.