മഞ്ചേരിയില്‍ രണ്ടാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

post

മലപ്പുറം : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം  വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ മഞ്ചേരി നഗരസഭയുടെ കീഴില്‍ രണ്ടാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. മഞ്ചേരി നോബിള്‍ സ്‌കൂള്‍ ആന്‍ഡ് കോളജ് ക്യാമ്പസിലാണ്  ആയിരം ബെഡ്ഡുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തുടങ്ങിയത്. പ്രാഥമിക ഘട്ടത്തില്‍ 200 ബെഡുകളാണ് ഒരുക്കിയിട്ടുള്ളത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ആരോഗ്യ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും  കുടുംബശ്രീയുടെയും കീഴില്‍ മഞ്ചേരി നഗരസഭയുടെയും മെഡിക്കല്‍ കോളജിന്റെയും മേല്‍നോട്ടത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുക.

ജില്ലയിലെ 15ാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററാണിത്.  ജില്ലയിലെ വിവിധ  കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലായി ഇതുവരെ  4000 ബെഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മുട്ടിപ്പാലം സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്റ്റലിലാണ് മഞ്ചേരിയിലെ ആദ്യ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

കോവിഡ് 19 രോഗവ്യാപനം നേരിടുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും സംയുക്തമായി ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നത്. കാറ്റഗറി എ, ബി വിഭാഗത്തില്‍ പ്പെടുന്ന രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് പോസിറ്റീവായവരെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്.

മഞ്ചേരി നഗരസഭ ചെയര്‍പേഴ്സണ്‍ വി.എം സുബൈദ, മെഡിക്കല്‍ കോളജ് ആര്‍.എം.ഒ ഡോ. സഹീര്‍ നെല്ലിപ്പറമ്പന്‍, നോഡല്‍ ഓഫീസര്‍ ഡോ. ഷിനാസ് ബാബു, ജെ.എച്ച്.ഐ ശുഭറാം, സ്റ്റാഫ് നഴ്‌സ്മാരായ ജസ്വിന്‍, ആയിഷ, പി.ആര്‍.ഒ ജിജോ ജോര്‍ജ്, സൈക്കിയാട്രിക് കൗണ്‍സലര്‍ ഷഫീഖ്, ബയോമെഡിക്കല്‍ എഞ്ചിനീയര്‍ അനൂപ് തുടങ്ങിയവര്‍ സെന്ററിന് നേതൃത്വം നല്‍കി.