റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാത്ത അംഗങ്ങള്‍ക്ക് ഇ-പോസ് മെഷീനിലൂടെ ചെയ്യുന്നതിന് അവസരം

post

മലപ്പുറം: റേഷന്‍ കടകളിലുള്ള ഇ-പോസ് മെഷീന്‍ മുഖേന ആധാര്‍ നമ്പര്‍ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കാത്ത അംഗങ്ങളുടെ ആധാര്‍ സീഡ് ചെയ്യുന്നതിന് റേഷന്‍കട ഉടമകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഒരംഗത്തിന് 10  രൂപ നിരക്കില്‍ ഗുണഭോക്താവില്‍ നിന്ന് ഈടാക്കും. ഈ സൗകര്യം ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം. ഇ-പോസ് മുഖേന ഒരംഗത്തിന്റെ ആധാര്‍ സീഡ് ചെയ്യുന്നതിന് മാത്രമേ 10 രൂപ നിരക്കില്‍ ഈടാക്കാന്‍ അനുവാദമുള്ളൂ.  ഗുണഭോക്താക്കളില്‍ നിന്ന് തുക ഈടാക്കി ഇ-പോസ് മെഷീന്‍ വഴിയുള്ള  ആധാര്‍ സീഡിങ് ഒക്ടോബര്‍ 31 വരെ നടത്താം. ഗുണഭോക്താക്കള്‍ക്ക് സ്വന്തമായും സിറ്റിസെന്‍ സെന്റര്‍, അക്ഷയ കേന്ദ്രം എന്നിവ മുഖേനയും ആധാര്‍ സീഡിങ് നടത്താം. റേഷന്‍കാര്‍ഡിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍ സീഡ് ചെയ്താല്‍ മാത്രമേ റേഷന്‍ കാര്‍ഡിലെ ചേര്‍ത്തലുകള്‍, തിരുത്തലുകള്‍, ട്രാന്‍സ്ഫര്‍, പേര് നീക്കം ചെയ്യല്‍, മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റല്‍ തുടങ്ങിയവ ചെയ്യാന്‍ കഴിയുകയുള്ളൂ.

കഴിഞ്ഞ ആറ് മാസം തുടര്‍ച്ചയായി റേഷന്‍ സാധനങ്ങള്‍ വാങ്ങാത്ത മുന്‍ഗണന (പിങ്ക്), എ.എ.വൈ (മഞ്ഞ) കാര്‍ഡുകള്‍ ഈ പദ്ധതികളില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയില്ല. അതിനാല്‍ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.  കഴിഞ്ഞ കോവിഡ് അതിജീവന കിറ്റ് വാങ്ങാത്ത മുന്‍ഗണന, എ.എ.വൈ.കാര്‍ഡുകളും അനര്‍ഹരാണെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റുന്നതിനു പകരം അര്‍ഹതയുള്ള കുടുംബങ്ങള്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.