പൊതുകുളങ്ങളിലെ ശുദ്ധജല മത്സ്യക്കൃഷിയ്ക്ക് തുടക്കമായി

post

കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

മലപ്പുറം: ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനും മത്സ്യ കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുന്നതിനുമായി ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പൊതുകുളങ്ങളിലെ മത്സ്യകൃഷിയ്ക്ക് തുടക്കം.  പദ്ധതിയുടെ താനൂര്‍ മണ്ഡലം തല ഉദ്ഘാടനം വി.അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. താനാളൂര്‍ പഞ്ചായത്തിലെ കൈതക്കുളത്തില്‍ കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചായിരുന്നു ഉദ്ഘാടനം. താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.മുജീബ് ഹാജി അധ്യക്ഷനായി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.സജി, താനാളൂര്‍ പഞ്ചായത്തംഗം കുഞ്ഞു മീനടത്തൂര്‍, പഞ്ചായത്ത് സെക്രട്ടറി രാംജി ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. താനാളൂര്‍ പഞ്ചായത്തില്‍ 14 പൊതുകുളങ്ങളിലാണ് ശുദ്ധജല മത്സ്യക്കൃഷി തുടങ്ങിയിരിക്കുന്നത്. നിറമരുതൂര്‍ ഗ്രാമപഞ്ചായത്തില്‍ ഏഴ് പൊതുകുളങ്ങളിലും മത്സ്യ കൃഷി തുടങ്ങിയിട്ടുണ്ട്. നിറമരുതൂര്‍ മങ്ങാടന്‍ കുളത്തില്‍ കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച്   വി.അബ്ദുറഹ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 73 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന പൊതുകുളങ്ങളിലാണ് കാര്‍പ്പ് മത്സ്യ കൃഷി നടത്തുന്നത്.  കഴിഞ്ഞ തവണ ജില്ലയിലെ ജലാശയങ്ങളിലാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നത്. എന്നാല്‍ ഇത്തവണ പൊതുകുളങ്ങളില്‍ വളര്‍ത്തിയ ശേഷം വിപണനം നടത്തുകയാണ് ലക്ഷ്യം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാന പ്രകാരം പരിപാലനം കുടുംബശ്രീയ്ക്കോ സന്നദ്ധ സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ നല്‍കും. സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പാക്കുന്നതിനായി 2020-21 വര്‍ഷത്തില്‍ 41 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 14 ജില്ലകളിലായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള 1368 ഹെക്ടര്‍ വരുന്ന 8748 പൊതുകുളങ്ങളില്‍ ശുദ്ധജല  മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. 41 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇതിനായി വിനിയോഗിച്ചത്.