മത്സ്യത്തൊഴിലാളി പെൻഷൻ മുടങ്ങാതിരിക്കാൻ ആധാർ ഓതന്റിക്കേഷൻ പൂർത്തിയാക്കണം

post

 മുടങ്ങിയ പെൻഷൻ നൽകാൻ ഫിഷറീസ് വകുപ്പിന്റെ ശുപാർശ


കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾക്ക് തുടർന്നും മുടക്കമില്ലാതെ പെൻഷൻ ലഭിക്കുന്നതിനായി ആധാർ ഓതന്റിക്കേഷൻ പൂർത്തിയാക്കാത്തവർ എത്രയും വേഗം നടപടികൾ പൂർത്തിയാക്കണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. ബോർഡിന് കീഴിൽ ആകെയുള്ള 73,657 പെൻഷൻ ഗുണഭോക്താക്കളിൽ ഇതുവരെ 59,061 പേർ മാത്രമാണ് ആധാർ ഓതെന്റീഫിക്കേഷൻ പൂർത്തിയാക്കിയത്. ഇനി ഓതെന്റീക്കേഷൻ പൂർത്തിയാക്കാനുള്ള 14,596 പേരിൽ 2,253 പേർ മരണപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ശേഷിക്കുന്ന ഗുണഭോക്താക്കൾക്ക് തുടർന്നുള്ള മാസങ്ങളിൽ പെൻഷൻ ലഭിക്കണമെങ്കിൽ ആധാർ കാർഡിന്റെയും പെൻഷൻ പാസ്ബുക്കിന്റെയും പകർപ്പുമായി ബന്ധപ്പെട്ട ഫിഷറീസ് ഓഫീസിലെത്തി ഓതെന്റീക്കേഷൻ നിർബന്ധമായും പൂർത്തിയാക്കേണ്ടതുണ്ട്. അതേസമയം, ഓതെന്റീക്കേഷൻ വൈകിയതിനെ തുടർന്ന് പെൻഷൻ മുടങ്ങുകയും പിന്നീട് നടപടി പൂർത്തിയാക്കുകയും ചെയ്തവർക്ക് മുടങ്ങിയ മാസത്തെ പണം അടിയന്തരമായി അനുവദിക്കണമെന്ന ശിപാർശ ധനവകുപ്പിന് ഫിഷറീസ് വകുപ്പ് നൽകിയിട്ടുണ്ട്.


മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന പെൻഷൻ കൈപ്പറ്റുന്നവർ സെപ്റ്റംബർ 15-നകം ആധാർ ഓതെന്റീക്കേഷൻ പൂർത്തീകരിക്കണമെന്നും ഇത് പൂർത്തിയാക്കിയവർക്ക് മാത്രമേ തുടർന്നുള്ള മാസങ്ങളിലെ പെൻഷൻ ലഭിക്കുകയുള്ളൂവെന്നും ധനകാര്യവകുപ്പ് കഴിഞ്ഞ ഓഗസ്റ്റിൽ കർശന നിർദേശം നൽകിയിരുന്നു. ആദ്യഘട്ടത്തിൽ 23,657 പേർ ഓതെന്റീക്കേഷൻ പൂർത്തിയാക്കാൻ ബാക്കിയുണ്ടായിരുന്ന സാഹചര്യത്തിൽ, ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂറിന്റെ നിർദേശപ്രകാരം ഇതിനുള്ള സമയപരിധി ഒക്ടോബർ 15 വരെ ദീർഘിപ്പിച്ചു നൽകിയിരുന്നു.


ധനവകുപ്പിന്റെ നിബന്ധനയെ തുടർന്ന് 2026 ഓഗസ്റ്റ് മാസത്തെ പെൻഷൻ ലഭിച്ച 16,591 ഗുണഭോക്താക്കൾക്ക് സെപ്റ്റംബർ മാസത്തെ പെൻഷൻ ലഭിച്ചിരുന്നില്ല. തിരുവനന്തപുരം മേഖലയിൽ 3,906 പേർക്കും ആലപ്പുഴയിൽ 4,581 പേർക്കും എറണാകുളത്ത് 2,849 പേർക്കും കോഴിക്കോട് 4,706 പേർക്കും, കണ്ണൂരിൽ 549 പേർക്കുമാണ് സെപ്റ്റംബറിലെ പെൻഷൻ മുടങ്ങിയത്. എന്നാൽ സർക്കാർ അനുവദിച്ച അധിക സമയപരിധി പ്രയോജനപ്പെടുത്തി ഇതിൽ 10,497 പേർ (തിരുവനന്തപുരം-2,410, ആലപ്പുഴ-2,882, എറണാകുളം-2,195, കോഴിക്കോട്-2,645, കണ്ണൂർ-365) ഇതിനകം ആധാർ ഓതെന്റീക്കേഷൻ പൂർത്തീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഓതെന്റീക്കേഷൻ പൂർത്തിയാക്കിയവർക്ക് മുടങ്ങിയ മാസത്തെ പെൻഷൻ തുക വിതരണം ചെയ്യാനാണ് ഫിഷറീസ് വകുപ്പ് ധനവകുപ്പിനോട് ശിപാർശ ചെയ്തിരിക്കുന്നത്.


മേഖലാടിസ്ഥാനത്തിലുള്ള കണക്കുകൾ പ്രകാരം തിരുവനന്തപുരം മേഖലയിലെ ആകെ 21,191 ഗുണഭോക്താക്കളിൽ 15,766 പേരും ആലപ്പുഴയിലെ 22,234 പേരിൽ 18,572 പേരും എറണാകുളത്തെ 15,272 പേരിൽ 13,892 പേരും കോഴിക്കോട്ടെ 10,221 പേരിൽ 6,713 പേരും കണ്ണൂരിലെ 4,739 പേരിൽ 4,118 പേരും ആധാർ ഓതെന്റീക്കേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം മേഖലയിൽ 5,425 പേരും ആലപ്പുഴയിൽ 3,662 പേരും കോഴിക്കോട് 3,508 പേരും എറണാകുളത്ത് 1,380 പേരും കണ്ണൂരിൽ 621 പേരുമാണ് ഇനി ഓതെന്റീഫിക്കേഷൻ പൂർത്തിയാക്കാനുള്ളത്. ഓതെന്റീക്കേഷൻ പൂർത്തിയാക്കുന്ന മുറയ്ക്ക് മുടങ്ങിയ പെൻഷൻ തുക തിരികെ ലഭിക്കുമെന്നതിനാൽ ഇനിയും നടപടികൾ പൂർത്തിയാക്കാത്ത ഗുണഭോക്താക്കൾ എത്രയും വേഗം അടുത്തുള്ള ഫിഷറീസ് ഓഫീസുമായി ബന്ധപ്പെട്ട് ആധാർ ഓതെന്റീക്കേഷൻ പൂർത്തീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.