ജീവിതശൈലീ രോഗങ്ങൾ തടയാൻ സമഗ്ര പൊതുജനാരോഗ്യ പദ്ധതി ‘ഹൃദയരാഗം’; ലോഗോയും പ്രകാശനം ചെയ്തു

post

സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങൾ ആരംഭത്തിൽ തന്നെ കണ്ടെത്തി കൃത്യമായ ചികിത്സയും തുടർപരിചരണവും ഉറപ്പാക്കുന്നതിനായി ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച സമഗ്ര പൊതുജനാരോഗ്യ കാമ്പയിൻ ‘ഹൃദയരാഗം’ പദ്ധതിക്ക് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് കാമ്പയിനായ ഹൃദയരാഗത്തിന്റെ ലോഗോയും സ്റ്റിക്കറും ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ പ്രകാശനം ചെയ്തു.


ചിട്ടയായ ശീലങ്ങളും നേരത്തെയുള്ള പരിശോധനയും വഴി ജീവിതശൈലീ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ അടിസ്ഥാനമാക്കി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം, കാൻസർ, പക്ഷാഘാതം, കരൾ-വൃക്ക രോഗങ്ങൾ എന്നിവ പ്രാരംഭഘട്ടത്തിൽ തന്നെ നിർണ്ണയിച്ച് ചികിത്സ ലഭ്യമാക്കും.


പദ്ധതിയുടെ പ്രധാന സവിശേഷതകൾ:

പദ്ധതിയുടെ പൈലറ്റ് ലോഞ്ചിന്റെ ഭാഗമായി ആദ്യം വട്ടിയൂർക്കാവ് (തിരുവനന്തപുരം), ഇടുക്കി (ഇടുക്കി ജില്ല), നിലമ്പൂർ (മലപ്പുറം) എന്നീ മൂന്ന് നിയോജകമണ്ഡലങ്ങളിൽ നടപ്പിലാക്കും. തുടർന്ന് ഇത് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും.


18 വയസ്സിന് മുകളിലുള്ള എല്ലാവരെയും ഉൾപ്പെടുത്തി രോഗസാധ്യതാ വിശകലനവും സ്‌ക്രീനിംഗും നടത്തും. രോഗസാധ്യതയുടെ അടിസ്ഥാനത്തിൽ വ്യക്തികളെ Mild, Moderate, High Risk വിഭാഗങ്ങളായി തരംതിരിക്കും.


ഉയർന്ന റിസ്‌ക് വിഭാഗത്തിലുള്ളവർക്ക് 24 മണിക്കൂറിനുള്ളിലും, മറ്റുള്ളവർക്ക് രണ്ടാഴ്ചയ്ക്കുള്ളിലും തുടർന്നുള്ള പരിശോധനകളും വിദഗ്ധ ചികിത്സയും ഉറപ്പാക്കും.


പുതുതായി രോഗം കണ്ടെത്തുന്ന ഓരോ വ്യക്തിയെയും രജിസ്റ്റർ ചെയ്ത് 'വ്യക്തിഗത ഹെൽത്ത് ഡയറി' നൽകും. കൂടാതെ ചിട്ടയായ ജീവിതശൈലി പരിവർത്തനത്തിനും തുടർപരിശോധനകൾക്കുമായി രോഗികളെ പ്രത്യേക ക്രമീകരണങ്ങളിലേക്ക് മാറ്റും.


ഗൃഹസന്ദർശനം വഴിയുള്ള സർവ്വേ, റിസ്‌ക് വിലയിരുത്തൽ, സ്‌ക്രീനിങ് ക്യാമ്പുകൾ, ആരോഗ്യമേളകൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി ജീവിതശൈലി മാറ്റത്തിനായുള്ള പിയർ സപ്പോർട്ട് ഗ്രൂപ്പുകൾ, ആധുനിക രോഗനിർണ്ണയ പരിശോധനകൾ, ആവശ്യമായ മരുന്നുകളുടെ ലഭ്യത എന്നിവ കാമ്പയിന്റെ ഭാഗമായി ഉറപ്പാക്കും.


ജനസംഖ്യാധിഷ്ഠിത സർവ്വേ 'ശൈലി' (SHAILI) ആപ്പ് വഴിയും സ്‌ക്രീനിംഗ് 'JAK PH' ആപ്പ് വഴിയുമാണ് നിർവ്വഹിക്കുന്നത്. ചികിത്സയും മറ്റ് വിവരങ്ങളും 'ഇ-ഹെൽത്ത്' ഹോസ്പിറ്റൽ മാനേജ്‌മെന്റ് സംവിധാനത്തിൽ രേഖപ്പെടുത്തും. തത്സമയ ഡാഷ്‌ബോർഡുകൾ വഴി പ്രവർത്തനങ്ങളുടെ നിരീക്ഷണം സാധ്യമാക്കും.