മന്ത്രിസഭാ യോഗ തീരുമാനങ്ങൾ (16.09.2026)
മന്ത്രിസഭാ യോഗ തീരുമാനങ്ങൾ (16.09.2026)
1. സരൾ കേരളം പദ്ധതി: കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങളും ബിസിനസ്സുകളും കൂടുതൽ എളുപ്പത്തിൽ ആകർഷിക്കുന്നതിനായി സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന വിപ്ലവകരമായ പദ്ധതിയാണ് 'സരൾ കേരളം' (SARAL KERALAM - Simplified and Accelerated Regulatory Approvals and Licenses). വ്യവസായ സംരംഭങ്ങൾക്ക് ആവശ്യമായ ലൈസൻസുകളും അനുമതികളും വൈകാതെ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി 'One-State-One-Approval-One-Document' (OSAD) എന്ന ആശയം മുൻനിർത്തി, എല്ലാ അനുമതികളും ഒരൊറ്റ കേന്ദ്രത്തിലൂടെ നൽകാനായി ഒരു ഏകീകൃത അതോറിറ്റിക്ക് (Single Statutory Authority) രൂപം നൽകും. ഇതിന്റെ ഭാഗമായി നിലവിലുള്ള 19 നിയമങ്ങളിൽ കാതലായ ഭേദഗതികൾ വരുത്താനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
ഈ പുതിയ സംവിധാനം അനുസരിച്ച് 25 കോടി മുതൽ 50 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ജില്ലാതല ബോഡിയും, 50 കോടി രൂപയ്ക്ക് മുകളിലുള്ള വലിയ നിക്ഷേപങ്ങൾക്ക് സംസ്ഥാനതല ബോഡിയുമാണ് അനുമതി നൽകുന്നത്. കേരള വ്യാവസായിക വികസന കോർപ്പറേഷനാണ് (KSIDC) ഇതിന്റെ ഏകോപന ചുമതല. പദ്ധതി വഴി വകുപ്പുകളുടെ അധികാരം കവർന്നെടുക്കുന്നില്ല; മറിച്ച്, ഒരു പ്രൊപ്പോസൽ വന്നാൽ ഓരോ വകുപ്പും നിശ്ചിത ദിവസങ്ങൾക്കകം പരിശോധന പൂർത്തിയാക്കി മറുപടി നൽകണമെന്ന് നിർബന്ധമാക്കുകയാണ് ചെയ്യുന്നത്. വകുപ്പുകളുടെ പരിശോധനയ്ക്ക് ശേഷം അപ്രൈസൽ ബോഡി വിലയിരുത്തി സമിതിയുടെ മുൻപാകെ വെച്ച് വേഗത്തിൽ അന്തിമ അനുമതി നൽകും. ഏതെങ്കിലും വകുപ്പിന് വിയോജിപ്പുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള അപ്പീൽ സംവിധാനവും ഇതിലുണ്ട്.
വർഷങ്ങളോളം (5 മുതൽ 7 വർഷം വരെ) അനുമതി ലഭിക്കാതെ കിടക്കുന്ന ഇൻവെസ്റ്റ്മെന്റ് പ്രൊപ്പോസലുകൾക്ക് ഈ പദ്ധതി വലിയൊരു ആശ്വാസമാകും. എല്ലാ വകുപ്പുകളുമായും വിശദമായ ചർച്ചകൾ നടത്തി, അവരുടെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തി തയ്യാറാക്കിയ ഡ്രാഫ്റ്റാണ് മന്ത്രിസഭ അംഗീകരിച്ചിട്ടുള്ളത്. വ്യവസായ സംരംഭകർക്ക് തടസ്സങ്ങളോ കാലതാമസമോ ഇല്ലാതെ കാര്യങ്ങൾ എളുപ്പത്തിലാക്കുന്നതിലൂടെ കേരളത്തിന്റെ വികസന സാധ്യതകൾക്ക് പുതിയൊരു വാതിലാണ് 'സരൾ കേരളം' തുറന്നിടുന്നത്.
മറ്റു തീരുമാനങ്ങൾ
2. എറണാകുളത്ത് രണ്ട് പ്രത്യേക NIA കോടതികൾ: എറണാകുളത്ത് രണ്ട് എക്സ്ക്ലൂസീവ് എൻ.ഐ.എ (National Investigation Agency) കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചു. മുൻപ് തീർപ്പുകൽപ്പിക്കാതെ കിടന്നിരുന്ന ഈ വിഷയത്തിൽ കോടതിയുടെ ഇടപെടലുകൾ കൂടി പരിഗണിച്ചാണ് അന്തിമ തീരുമാനമെടുത്തത്. ഇതിനായുള്ള നടപടികൾ സംസ്ഥാന സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. ഈ കോടതികളുടെ സാമ്പത്തിക ചെലവുകൾ പൂർണ്ണമായും കേന്ദ്രസർക്കാരാണ് വഹിക്കുന്നത്.
3. ആരോഗ്യവകുപ്പിൽ 18 പുതിയ തസ്തികകൾ: ആരോഗ്യവകുപ്പിന് കീഴിൽ 'റേഡിയോഗ്രാഫർ ഗ്രേഡ് 2' വിഭാഗത്തിൽ 18 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ അംഗീകാരം നൽകി. സർക്കാർ ആശുപത്രികളിൽ റേഡിയോഗ്രാഫർമാരുടെ കുറവ് മൂലം സാധാരണക്കാരായ രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് ഈ തീരുമാനം.
4. 2027 വർഷത്തേക്ക് പ്രഖ്യാപിക്കേണ്ട പൊതുഅവധി, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധി അംഗീകരിച്ചു.
5. ഫ്ളാറ്റുകൾക്കും അപ്പാർട്മെന്റുകൾക്കും അനുവദിച്ചു കൊടുത്തിരിക്കുന്ന നാലു ശതമാനം മുദ്രവില ഇളവ് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന കെ റെറയിൽ രജിസ്റ്റർ ചെയ്ത വില്ലകളുടെ കൈമാറ്റ രജിസ്ട്രേഷന് കൂടി ബാധകമാക്കാൻ തീരുമാനിച്ചു.
6. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുന്ന കേരള സ്വകാര്യ സർവകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും) ബിൽ, കേരള നിയമസഭയുടെ അടുത്ത സമ്മേളനത്തിൽ പിൻവലിക്കുന്നത് സംബന്ധിച്ച് അനുമതി തേടാൻ തീരുമാനിച്ചു.
7. മലമുത്തൻ സമുദായത്തെ സംസ്ഥാന പട്ടിക വർഗ പട്ടികയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.
8. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾക്ക് ചികിത്സാ ധനസഹായം അനുവദിക്കാൻ തീരുമാനിച്ചു.
9. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ കരിന്തളം വില്ലേജിൽ .4047 ഹെക്ടർ സർക്കാർ ഭൂമി 57438 രൂപ വാർഷിക പാട്ടം ഈടാക്കി എസ്.സി, എസ്.ടി ത്രിവേണി തീരം പബ്ലിക്ക് ചാരിറ്റബിൾ ട്രസ്റ്റിന് പാട്ട നിബന്ധനകൾ പാലിച്ച് 2025-26 മുതൽ മൂന്നുവർഷത്തേക്ക് പാട്ടത്തിന് നൽകാൻ തീരുമാനിച്ചു.








