ജീവിതശൈലീ രോഗങ്ങളെ നേരത്തെ കണ്ടെത്താൻ ഹൃദയരാഗം സമഗ്ര ആരോഗ്യ ക്യാമ്പയിൻ

post

ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി രോഗനിർണയം നടത്തുന്നതിനായി ”ഹൃദയരാഗം” എന്ന പ്രത്യേക ക്യാമ്പയിന് വകുപ്പ് തുടക്കം കുറിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം, സ്‌ക്രീനിംഗ്, ചികിത്സ എന്നിവയ്ക്ക് ഏകോപിത ചികിത്സ ഉറപ്പാക്കുവാനായി നടപ്പിലാക്കുന്ന സാമൂഹികാധിഷ്ഠിത പൊതുജനാരോഗ്യ കാമ്പയിനാണ് ഹൃദയരാഗമെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.


പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയാണ് ‘ഹൃദയരാഗം’ ക്യാമ്പയിൻ നടപ്പാക്കുന്നത്. 18 വയസ്സിന് മുകളിലുള്ള മുഴുവൻ ജനങ്ങളെയും ഉൾപ്പെടുത്തി സമഗ്ര സ്‌ക്രീനിംഗും രോഗസാധ്യതാ വിലയിരുത്തലും നടത്തും. ആദ്യഘട്ടത്തിൽ വട്ടിയൂർക്കാവ് (തിരുവനന്തപുരം), ഇടുക്കി (ഇടുക്കി ജില്ല), നിലമ്പൂർ (മലപ്പുറം) എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലാണ് ‘ഹൃദയരാഗം’ ക്യാമ്പയിൻ നടപ്പാക്കുന്നത്. വിദഗ്ധ ചികിത്സ, പരിശോധനകൾ, തുടർസേവനങ്ങൾ എന്നിവ രണ്ടാംഘട്ട ക്യാമ്പയിനിലൂടെയും നടപ്പിലാക്കും.


പരിശോധനയുടെ അടിസ്ഥാനത്തിൽ ഓരോ വ്യക്തിയെയും നേരിയ (Mild), ഇടത്തരം (Moderate), ഉയർന്ന (High) എന്നിങ്ങനെ മൂന്ന് റിസ്‌ക് വിഭാഗങ്ങളായി തരംതിരിക്കും. രോഗസാധ്യത കണ്ടെത്തുന്നവരെ ആവശ്യമായ വിദഗ്ധ പരിശോധന, ചികിത്സ, തുടർപരിചരണം എന്നിവയ്ക്കായി അനുയോജ്യമായ ആരോഗ്യസേവന സംവിധാനങ്ങളുമായി ബന്ധിപ്പിക്കും. ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെടുന്നവർക്ക് 24 മണിക്കൂറിനുള്ളിലും മറ്റ് റിസ്‌ക് വിഭാഗങ്ങളിലുള്ളവർക്ക് രണ്ടാഴ്ചയ്ക്കുള്ളിലും ആവശ്യമായ പരിശോധനയും ചികിത്സയും ഉറപ്പാക്കുന്ന തരത്തിലാണ് ക്യാമ്പയിന്റെ സേവന സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. സമയബന്ധിതമായ ഇടപെടലിലൂടെ രോഗസങ്കീർണതകൾ കുറയ്ക്കുകയും ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണവും തുടർപരിചരണവും ക്യാമ്പയിൻ ഉറപ്പാക്കും.


പുതുതായി രോഗം കണ്ടെത്തുന്ന ഓരോ വ്യക്തിയെയും രജിസ്റ്റർ ചെയ്ത് ഒരു വ്യക്തിഗത ഹെൽത്ത് ഡയറി നൽകുകയും, ചികിത്സ, ജീവിതശൈലി പരിവർത്തനം എന്നിവ ഉൾപ്പെടുന്ന ചിട്ടയായ തുടർപരിശോധനാ ക്രമത്തിൽ ഉൾപ്പെടുത്തുകയും ചെയ്യും. ഗൃഹസന്ദർശനം നടത്തിയുള്ള സർവ്വേ, റിസ്‌ക് വിലയിരുത്തൽ, സ്‌ക്രീനിംഗ് ക്യാമ്പുകൾ, ആരോഗ്യമേളകൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ജീവിതശൈലി മാറ്റത്തിനുള്ള പിയർ സപ്പോർട്ട് ഗ്രൂപ്പുകൾ, രോഗനിർണ്ണയത്തിനുള്ള പരിശോധനകൾ, അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കൽ എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ഘടകങ്ങൾ.


ജനസംഖ്യാധിഷ്ഠിത സർവ്വേ ശൈലി (SHAILI) ആപ്പ് വഴിയും സ്‌ക്രീനിംഗ് JAK PH ആപ്പ് വഴിയുമാണ് നടത്തുന്നത്. ഇ-ഹെൽത്ത് ഹോസ്പിറ്റൽ മാനേജ്‌മെന്റ് സംവിധാനം വഴിയാണ് രോഗനിർണയം, ചികിത്സ, തുടർപരിശോധനാ വിവരങ്ങൾ എന്നിവ രേഖപ്പെടുത്തുന്നത്. ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ നിരീക്ഷണത്തിന് തത്സമയ ഡാഷ്‌ബോർഡുകൾ ലഭ്യമാക്കും. സർവ്വേ/സ്‌ക്രീനിങ് സംബന്ധമായ വിവരങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ നിരീക്ഷിച്ച് തുടർപരിശോധനകൾ ആവശ്യമായവർക്ക് അവ ലഭ്യമാക്കുകയും ചെയ്യും.


‘ഹൃദയരാഗം’ ക്യാമ്പയിനിലൂടെ ജീവിതശൈലീ രോഗങ്ങളെ നേരത്തെ കണ്ടെത്തി സമയബന്ധിതമായ ചികിത്സയും തുടർപരിചരണവും ഉറപ്പാക്കാൻ കഴിയും. ഡിജിറ്റൽ സാങ്കേതികവിദ്യയും ജനകീയ പങ്കാളിത്തവും ഏകോപിപ്പിച്ചുള്ള ഈ ഇടപെടൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും രോഗാവസ്ഥ കുറയ്ക്കുന്നതിനും സഹായകമാകും. രോഗം വരുന്നതിന് മുമ്പ് പ്രതിരോധിക്കുകയും, രോഗം കണ്ടെത്തിയാൽ വൈകാതെ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്ന ജനകീയ ആരോഗ്യസംവിധാനമാണ് ഹൃദയരാഗം.