നിലവാരമുള്ള ചികിത്സ പൊതുജനത്തിന്റെ അവകാശം : മന്ത്രി കെ മുരളീധരൻ

post

നിലവാരമുള്ള ചികിത്സ പൊതുജനത്തിന്റെ അവകാശമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിർമ്മാണം പൂർത്തിയായ ലക്ഷ്യ ലേബർ റൂം, പോളി ഡെന്റൽ ക്ലിനിക്, ഓക്സിജൻ പ്ലാൻറ്, ജീറിയാട്രിക് വാർഡ് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.


സർക്കാർ ആശുപത്രികളുടെ പോരായ്മകൾ പരിഹരിച്ച് വരികയാണ്. ഇതിൻറെ ഭാഗമായാണ് മെഡിക്കൽ കോളേജുകളിൽ രോഗികളെ നിലത്ത് കിടത്തുന്നത് അവസാനിപ്പിച്ചത്. ആശുപത്രികളിൽ ഡോക്ടർമാരുടെയും സ്റ്റാഫുകളുടെയും കുറവുള്ളത് നികത്തും. വിവിധ ആശുപത്രികളിലായി 139 ഡോക്ടർമാരെ പുതിയതായി നിയമിച്ചു. ഇവർ ഉടൻ ചുമതല ഏൽക്കും. ആരോഗ്യ വകുപ്പിൻ്റെ പ്രവർത്തനം തികച്ചും സുതാര്യമാണ്. പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും മന്ത്രി ഓഫീസിൽ നേരിട്ട് പരാതി സമർപ്പിക്കാം. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം ആരംഭിച്ച ആരോഗ്യവകുപ്പിന്റെ പദ്ധതികൾ മുടക്കമില്ലാതെ പൂർത്തിയാക്കും. ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. ഓഗസ്റ്റ് 24ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പദ്ധതിക്ക് തുടക്കം കുറിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിൽ എംആർഐ സ്കാനിങ് മെഷീൻ ഉൾപ്പെടെ ആധുനിക സംവിധാനങ്ങൾ ഉടൻ സ്ഥാപിക്കും. അടുത്തമാസം മുതൽ ഇവിടെ 24 മണിക്കൂർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.


ആരോഗ്യ കേരളം പദ്ധതിയിൽ നിർമ്മാണം പൂർത്തിയാക്കിയ ലക്ഷ്യ നിലവാരത്തിലുള്ള ലേബർ റൂം, ഓപ്പറേഷൻ തീയേറ്റർ ( 1.3 കോടി രൂപ), പതിനഞ്ചാം ധനകാര്യ കമ്മീഷൻ തുക വിനിയോഗിച്ച് നിർമ്മിച്ച വയോജന വാർഡ് (1.02 കോടി രൂപ), പോളി ദന്തൽ ക്ലിനിക്ക് (60 ലക്ഷം രൂപ), കെ എം എസ് സി എൽ കെയർ സിസ്റ്റം പദ്ധതിയിലൂടെ നിർമ്മിച്ച ഓക്സിജൻ പ്ലാൻറ് ( 1.25 കോടി രൂപ) എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.


ചടങ്ങിൽ വർഗീസ് മാമൻ എംഎൽഎ അധ്യക്ഷനായി. ആൻ്റോ ആൻറണി എം പി മുഖ്യപ്രഭാഷണം നടത്തി. തിരുവല്ല നഗരസഭ ചെയർപേഴ്സൺ എസ് ലേഖ, മുൻ എംഎൽഎ മാത്യു ടി തോമസ്, ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ് നായർ, ജില്ലാ മെഡിക്കൽ ഓഫീസർ ( ആരോഗ്യം) ഡോ. എൽ അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിനു ജി തോമസ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.