സ്വച്ഛതാ ഹി സേവാ പുരസ്‌കാരം: പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. സെല്ലിന് ഒന്നാം സ്ഥാനം

post

കേന്ദ്ര സ്‌പോർട്സ് യുവജനകാര്യ മന്ത്രാലയത്തിന്റെ സ്വച്ഛതാ ആക്ഷൻ പ്ലാനിന്റെ ഭാഗമായി നൽകുന്ന 'സ്വച്ഛതാ ഹി സേവാ' ഡയറക്ടറേറ്റ് തല പുരസ്‌കാരത്തിൽ ഒന്നാം സ്ഥാനം പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ വൊക്കേഷണൽ ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്‌കീം (NSS) സെൽ കരസ്ഥമാക്കി. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ എൻ.എസ്.എസ്. റീജിയണൽ ഡയറക്ടറേറ്റ് ആണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.


വി.എച്ച്.എസ്.ഇ. വിഭാഗത്തിന് കീഴിലെ വിവിധ സ്‌കൂളുകൾ വഴി നടപ്പിലാക്കിയ മാതൃകാപരമായ ശുചിത്വ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും ഒഴിവാക്കുന്നതിനും നടത്തിയ ബോധവൽക്കരണം, ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശാസ്ത്രീയമായി ശേഖരിക്കാൻ നടത്തിയ ശ്രമങ്ങൾ എന്നിവ മുൻനിർത്തിയാണ് ഡയറക്ടറേറ്റിനെ ഈ പരമോന്നത പുരസ്‌കാരത്തിന് അർഹമാക്കിയത്.


കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്ക് കോളേജിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ജല വിഭവ ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിൽ നിന്ന് വി.എച്ച്.എസ്.ഇ. ഡെപ്യൂട്ടി ഡയറക്‌ടർ കെ. വി. മനോജ്, എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർ ജഫീഷ് ജെ. എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.


സ്‌കൂൾ തലത്തിലുള്ള മറ്റ് അവാർഡുകൾ:

വി.എച്ച്.എസ്.ഇ. വിഭാഗത്തിന് കീഴിലെ സ്‌കൂൾ യൂണിറ്റുകൾക്കുള്ള സംസ്ഥാന തല പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.


ഒന്നാം സ്ഥാനം: ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ, ഇരിങ്ങോൾ (എറണാകുളം ജില്ല).


രണ്ടാം സ്ഥാനം: ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ, തൊടുപുഴ (ഇടുക്കി ജില്ല).


മൂന്നാം സ്ഥാനം: ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ആലംകോട് (തിരുവനന്തപുരം), ഇസ്ലാമിക് വി.എച്ച്.എസ് സ്‌കൂൾ ഒരുമനയൂർ (തൃശൂർ) എന്നീ യൂണിറ്റുകൾ പങ്കിട്ടു.


ഇതിനുപുറമെ, പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായവര്‍ : 

ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ തൃക്കരിപ്പൂർ (കാസർഗോഡ്).

പി.എം.എസ്.എ. പി.റ്റി.എസ്. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ കൈക്കോട്ടുകടവ് (കാസർഗോഡ്).

ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ഇരിങ്ങാലക്കുട (തൃശൂർ).

എം.എം. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ പരപ്പിൽ (കോഴിക്കോട്).

ചടങ്ങിൽ മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ. ഡി. മാവൂത്ത്, എൻ.എസ്.എസ്. റീജിയണൽ ഡയറക്‌ടർ വൈ. എം. ഉപ്പിൻ, യൂത്ത് ഓഫീസർ പീയുഷ് പരജ്ഞപൈ, എം.ജി. യൂണിവേഴ്‌സിറ്റി എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഇ. എൻ. ശിവദാസൻ, വിവിധ സിൻഡിക്കേറ്റ് മെമ്പർമാർ, സെന്റ് ഡൊമിനിക്ക് കോളേജ് പ്രിൻസിപ്പൽ ഡോ. ബിനോ പി. ജോസ് എന്നിവർ പങ്കെടുത്തു.