ശക്തമായ മഴ: ജില്ലകളിലെ സ്ഥിതി വിലയിരുത്തി, ജാഗ്രതാ നിർദേശം നൽകി മന്ത്രി കെ മുരളീധരൻ

post

ശക്തമായ മഴയെ തുടർന്നുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദ്ദേശം മന്ത്രി കെ മുരളീധരൻ. ഏത് സാഹചര്യവും നേരിടാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും നിർദ്ദേശം നൽകി. ആരോഗ്യവകുപ്പ് ഡയറക്ടറോട് ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും (ഡി.എം.ഒ) എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർമാരുടെയും (ഡി.പി.എം) അടിയന്തരയോഗം വിളിച്ച് സ്ഥിതി വിലയിരുത്താൻ ആവശ്യപ്പെട്ടു. ആരോഗ്യവിദ്യാഭ്യാസ ഡയറക്ടറോട് എല്ലാ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർക്കും സൂപ്രണ്ടുമാർക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി ഏകോപനം ഉറപ്പാക്കാനും നിർദ്ദേശിച്ചു.


ഇന്ന് രാവിലെ 11ന് ഓൺലൈനായി ആരോഗ്യവകുപ്പ് ഡയറക്ടർ വിളിച്ചുചേർത്ത ഡി.എം.ഒ, ഡി.പി.എംമാരുടെ യോഗത്തിൽ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ ക്രമീകരണം നടത്താൻ നിർദ്ദേശം നൽകി. താഴ്ന്ന മേഖലകളിൽ സ്ഥിതി ചെയ്യുന്ന വെള്ളപ്പൊക്ക ഭീഷണിയുള്ള ആരോഗ്യ സ്ഥാപനങ്ങളിലെ ഉപകരണങ്ങളും മരുന്നുകളും സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടതാണ്. ആരോഗ്യപ്രവർത്തകരും ആംബുലൻസും സജ്ജമായിരിക്കണം. ഒഴിവാക്കാനാകാത്ത അടിയന്തരാവശ്യങ്ങൾക്കല്ലാതെ ദീർഘകാല അവധിയിൽ പോയിട്ടുള്ള ജീവനക്കാരെ തിരികെ വിളിക്കും. മഴക്കാലക്കെടുതി മുൻനിർത്തിയുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് ജീവനക്കാർ പൊതുജനങ്ങളോട് ഇടപെടുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകൾ ഉറപ്പുവരുത്തേണ്ടതാണ്. ടെറ്റനസ് ഇഞ്ചക്ഷൻ, ഒസൾട്ടാമിവീർ ഗുളിക, ഒ.ആർ.എസ്, ഡോക്‌സിസൈക്ലിൻ എന്നിവയുടെ സ്റ്റോക്ക് ഉറപ്പുവരുത്തേണ്ടതാണ്. കടുത്ത ജലദോഷം, ചുമ, ശ്വാസം മുട്ട് എന്നിവയുള്ള രോഗികൾക്ക് ഒസൾട്ടാമിവീർ മരുന്ന് നൽകേണ്ടതാണ്. ജലദോഷ ലക്ഷണങ്ങളുള്ള എല്ലാ ഗർഭിണികൾക്കും ഒസൾട്ടാമിവീർ മരുന്ന് നിർബന്ധമായും നൽകണം.


ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് എലിപ്പനി മുൻകരുതൽ മരുന്ന് നൽകേണ്ടതാണ്. പാമ്പുകടിക്കും പേവിഷബാധയ്ക്കും എതിരെയുള്ള കുത്തിവെപ്പുകൾ നൽകാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള ആശുപത്രികൾ ആവശ്യമുള്ള സാഹചര്യങ്ങളിൽ വാക്സിനുകൾ നിർബന്ധമായും നൽകണം. ഇതിനുള്ള മരുന്നുകളുടെ സ്റ്റോക്ക് ഉറപ്പുവരുത്തേണ്ടതാണ്. ജലജന്യ രോഗങ്ങളും കൊതുകുജന്യ രോഗങ്ങളും പടർന്നു പിടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ജീവിതശൈലി രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന രോഗികൾ അതിനും മുടക്കം വരുത്തരുത്. ജില്ലാതലത്തിലും ആരോഗ്യ സ്ഥാപനത്തിലും റാപ്പിഡ് റെസ്‌പോൺസ് സെൽ രൂപീകരിക്കണം. ക്യാമ്പിൽ ജലദോഷവും പനിയുമുള്ളവർക്ക് മാസ്‌ക് നൽകണം. അതോടൊപ്പം തന്നെ ഇവരെ മാറ്റി പാർപ്പിക്കാനുള്ള സൗകര്യവും കണ്ടെത്തണം. ദുരിതാശ്വാസ ക്യാമ്പുകളിലെ കുടിവെള്ള സ്രോതസ്സുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യേണ്ടതാണ്. ഇതിന് ബ്ലീച്ചിംഗ് പൗഡറോ, ക്ലോറിൻ ടാബ്ലറ്റുകളോ, ക്ലോറിൻ ലിക്വിഡോ ഉപയോഗിക്കാം.


ക്യാമ്പുകളിൽ താമസിക്കുന്ന ഗർഭിണികൾക്കും കുട്ടികൾക്കും ആവശ്യം വേണ്ട പ്രതിരോധ കുത്തിവെപ്പുകൾ മുടങ്ങാതെ നൽകേണ്ടതാണ്. ആശുപത്രികളിൽ സംഭരിച്ചിരിക്കുന്ന എല്ലാ വാക്‌സിനുകളുടെയും അവ സൂക്ഷിക്കുന്ന ഉപകരണങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതാണ്. ആവശ്യമെങ്കിൽ വാക്സിൻ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റേണ്ടതാണ്.


സ്ഥാപനങ്ങളിലെ പവർ ബാങ്കുകളും ഇൻവർട്ടുകളും മുഴുവനായി ചാർജ് ചെയ്തു സൂക്ഷിക്കേണ്ടതാണ്. കുടിക്കാനുള്ള വെള്ളം തിളപ്പിച്ച് ആറ്റിയതും ഭക്ഷണം അടച്ച് സൂക്ഷിക്കേണ്ടതും അനിവാര്യമാണ്. കാലാവസ്ഥ വ്യതിയാനം മൂലം നിരവധി പകർച്ചവ്യാധികൾക്ക് സാധ്യതയുള്ളതിനാൽ അവയ്‌ക്കെതിരെ ജാഗ്രത പുലർത്തേണ്ടതാണ്. പൊതുജനങ്ങൾ അനാവശ്യമായ യാത്രകൾ ഒഴിവാക്കേണ്ടതാണ്. നടപടികളിൽ തദ്ദേശ സ്വയംഭരണ വകുപ്പുമായും റവന്യൂ വകുപ്പുമായും ഏകോപനം ഉറപ്പുവരുത്തേണ്ടതാണ്. പൊതുജനങ്ങൾക്കുള്ള കൂടുതൽ മാർഗ്ഗനിർദേശങ്ങൾ https://dhs.kerala.gov.in/en/animal-bite/ എന്ന ലിങ്കിൽ ലഭിക്കുന്നതാണ്.