കളിക്കളങ്ങളെ വീണ്ടെടുക്കാൻ കായികവകുപ്പിന്റെ 'ഓപ്പറേഷൻ കളരി'
കേരളത്തിലെ നിലവിലുള്ള കായിക ആസ്തികളെ പുനരുജ്ജീവിപ്പിക്കാനും പ്രൊഫഷണലായി പരിപാലിക്കാനും ലക്ഷ്യമിട്ട് കായിക യുവജനകാര്യ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് 'ഓപ്പറേഷൻ കളരി' (Operation KALARI - Kerala Alliance for Local Athletic Revamp and Infrastructure). സംസ്ഥാനത്തുടനീളമുള്ള സ്റ്റേഡിയങ്ങൾ, നീന്തൽക്കുളങ്ങൾ, സ്പോർട്സ് ഹോസ്റ്റലുകൾ, ജിംനേഷ്യങ്ങൾ തുടങ്ങിയ കായിക അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണി, നവീകരണം, ഉപകരണവൽക്കരണം, പരിപാലനം എന്നിവയ്ക്കായി സ്പോൺസർമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഒരു പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയാണ് ഈ പദ്ധതി.
പുതിയ കെട്ടിടങ്ങൾ പണിയുന്നതിലുപരി, നിലവിലുള്ള ആസ്തികളെ ശാസ്ത്രീയമായി നിലനിർത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. നാളത്തെ ഒളിമ്പിക് ജേതാക്കൾ വളർന്നുവരേണ്ട സ്കൂളുകളിലെയും കോളേജുകളിലെയും ജില്ലാതല അക്കാദമികളിലെയും കളിക്കളങ്ങൾ മികച്ച നിലവാരത്തിലാണെന്ന് ഇത് ഉറപ്പുവരുത്തുന്നു. കായികതാരങ്ങൾക്ക് മുൻഗണന നൽകുന്ന ഈ പദ്ധതിയിൽ സ്പോൺസർമാർക്ക് പരസ്യാംഗീകാരം, ബ്രാൻഡിംഗ്, നിശ്ചിത ഘടകങ്ങളുടെ നാമകരണം തുടങ്ങിയ പരിമിതമായ ആനുകൂല്യങ്ങൾ മാത്രമേ ലഭിക്കൂ. കായിക ആസ്തികളുടെ വിൽപ്പനയോ, കൈമാറ്റമോ, പാട്ടത്തിന് നൽകലോ യാതൊരു കാരണവശാലും ഉണ്ടാകില്ല. ഭൂമിയുടെയും കെട്ടിടങ്ങളുടെയും പൂർണ്ണമായ ഉടമസ്ഥതയും ഭരണപരമായ നിയന്ത്രണവും സർക്കാരിലും കായിക കൗൺസിലിലും തന്നെ നിക്ഷിപ്തമായിരിക്കും.
സ്പോൺസർമാർക്ക് വിവിധ രീതികളിൽ ഈ പദ്ധതിയുടെ ഭാഗമാകാം. അറ്റകുറ്റപ്പണി-നവീകരണ സ്പോൺസർഷിപ്പിലൂടെ സിവിൽ, ഇലക്ട്രിക്കൽ ജോലികൾ, ടർഫ് നവീകരണം, ഫ്ലഡ്ലൈറ്റുകൾ സ്ഥാപിക്കൽ, ശുചിമുറി നവീകരണം എന്നിവ ഏറ്റെടുക്കാം. ദത്തെടുത്ത് പരിപാലിക്കുന്ന മാതൃകയിലൂടെ മൂന്ന് മുതൽ അഞ്ച് വർഷം വരെ കായിക ആസ്തികളുടെ പൂർണ്ണമായ പരിപാലന ചുമതല ഏറ്റെടുക്കാം. ഉപകരണ സ്പോൺസർഷിപ്പിലൂടെ ആധുനിക ജിം ഉപകരണങ്ങൾ, ഡിജിറ്റൽ സ്കോർബോർഡുകൾ, കളിമാറ്റുകൾ തുടങ്ങിയവ ലഭ്യമാക്കാം.
കായികതാരങ്ങൾക്കായുള്ള ഭൗതിക സാഹചര്യങ്ങൾക്ക് സ്പോൺസർഷിപ്പ് ചെയ്യുന്നതിലൂടെ ഡോർമിറ്ററികൾ, ചേഞ്ചിങ്ങ് റൂമുകൾ, ഫിസിയോതെറാപ്പി സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തി നൽകാം.
സ്പോൺസർഷിപ്പിന്റെ തുകയുടെയും സ്വഭാവത്തിന്റെയും അടിസ്ഥാനത്തിൽ Platinum Asset Partner, Gold Facility Partner, Silver Basic Amenities Partner, Community Sports Partner എന്നിങ്ങനെ സ്പോൺസർമാരെ തരംതിരിച്ച് അംഗീകാരങ്ങൾ നൽകും. കോർപ്പറേറ്റ് സ്ഥാപനങ്ങൾ (CSR ഫണ്ട്), വ്യക്തികൾ, പ്രവാസി മലയാളികൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവർക്കെല്ലാം കായികഭാവി മികവുറ്റതാക്കുന്ന ഈ പദ്ധതിയിൽ പങ്കാളികളാകാം.
വനിതാ കായികതാരങ്ങൾക്കും ഭിന്നശേഷിക്കാർക്കും അനുയോജ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് പദ്ധതി മുൻഗണന നൽകുന്നു. പദ്ധതിയുടെ ഏകോപനത്തിനായി കായിക വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുണ്ട്. സ്പോർട്സ് കേരള ഫൗണ്ടേഷൻ (SKF) ആണ് പദ്ധതിയുടെ ഔദ്യോഗിക പ്രൊജക്ട് മാനേജ്മെന്റ് ഏജൻസി.
ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെടുന്ന 25 മുതൽ 50 വരെ കായിക ആസ്തികളിൽ ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും. ആറുമാസത്തിന് ശേഷം ഇതിന്റെ പുരോഗതി വിലയിരുത്തി ആവശ്യമായ മാറ്റങ്ങളോടെ പദ്ധതി സംസ്ഥാനവ്യാപകമാക്കും.
ഓപ്പറേഷൻ കളരി പൂർണ്ണമായും സുതാര്യമാക്കുന്നതിനായി ഡാഷ്ബോർഡ് സജ്ജമാക്കുന്നുണ്ട് ഇതിലൂടെ സ്പോൺസർഷിപ്പിന് ലഭ്യമായ ആസ്തികളുടെ പട്ടിക, തെരഞ്ഞെടുത്ത സ്പോൺസർ, പ്രവൃത്തിയുടെ പുരോഗതി, നവീകരണത്തിന് മുൻപും ശേഷവുമുള്ള ഫോട്ടോകൾ എന്നിവ ജനങ്ങൾക്ക് ഇതിലൂടെ തത്സമയം കാണാൻ സാധിക്കും.
ഉപയോഗശൂന്യമായി കിടക്കുന്ന കായിക ആസ്തികൾ വേഗത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കാൻ സഹായിക്കുന്ന ഓപ്പറേഷൻ കളരിയിലൂടെ കായികതാരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങൾ ലഭിക്കുന്നതിനും വഴിയൊരുക്കും. ഒളിംപിക്സ് മെഡലുകൾ ലക്ഷ്യമിടുന്ന സംസ്ഥാനത്തിന്റെ കായികസ്വപ്നങ്ങൾക്ക് പുതിയ വാതിലുകൾ തുറക്കുകയാണ് കളരിയിലൂടെ.








