മന്ത്രിസഭായോഗ തീരുമാനങ്ങൾ 23.09.2026

post

1. മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളിലായി മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ തീരുമാനിച്ചു.


2. വയോജനക്ഷേമ വകുപ്പിനെ 'ഡിപ്പാർട്ട്‌മെന്റ് ഫോർ സീനിയർ സിറ്റിസൺസ്' (മുതിർന്ന പൗരന്മാർക്കുള്ള വകുപ്പ്) എന്ന് പുനർനാമകരണം ചെയ്തു.


3. വർധിച്ചുവരുന്ന റോഡപകടങ്ങളും മരണനിരക്കും കുറയ്ക്കുന്നതിനായി ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് റോഡ് സുരക്ഷാ ക്യാമ്പയിൻ സംഘടിപ്പിക്കും. ബോധവൽക്കരണത്തോടൊപ്പം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികളും സ്വീകരിക്കും.


4. കേരളപ്പിറവിയുടെ 70-ാം വർഷത്തോടനുബന്ധിച്ച് 'ഫെസ്റ്റിവൽ കേരളം' എന്ന പേരിൽ രാജ്യമെമ്പാടും ആഘോഷങ്ങൾ സംഘടിപ്പിക്കും. ടൂറിസം, നിക്ഷേപം എന്നിവ ആകർഷിക്കുക, സംസ്ഥാനത്തിന്റെ വികസന പദ്ധതികളും നിക്ഷേപ സാധ്യതകളും തനത് കലാരൂപങ്ങളും രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത എന്നീ പ്രമുഖ നഗരങ്ങളിൽ ഫെസ്റ്റിവൽ കേരളം സംഘടിപ്പിക്കും. സംഘാടനത്തിനായി മുഖ്യമന്ത്രി ചെയർമാനും സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി കൺവീനറുമായി പ്രത്യേക മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു.


5. പ്രവാസി ക്ഷേമത്തിനായി ലോക കേരള സഭയ്ക്ക് പകരം കൂടുതൽ കാര്യക്ഷമമായ ബദൽ സംവിധാനം കൊണ്ടുവരും. നിലവിലുള്ള ലോക കേരള സഭ പിരിച്ചുവിടാൻ തീരുമാനിച്ചു. പ്രവാസികളുടെ പണത്തെ നിക്ഷേപമാക്കി മാറ്റുന്നതിന് (Remittance Economy to Investment Economy) വിപുലമായ പദ്ധതി തയാറാക്കും. ഇതേക്കുറിച്ച് പഠിച്ച് നടപടിയെടുക്കാൻ മുഖ്യമന്ത്രി ചെയർമാനായി വ്യവസായം, ആഭ്യന്തരം, ആരോഗ്യം, ജലസേചനം എന്നീ വകുപ്പ് മന്ത്രിമാർ ഉൾപ്പെടുന്ന ഉപസമിതിയെ നിയോഗിച്ചു.


6. ഇ.എസ്.എ വിഷയത്തിൽ ജനവാസ കേന്ദ്രങ്ങളും സി.എച്ച്.ആർ (CHR) പ്രദേശങ്ങളും പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിക്കും. 8590 ചതുരശ്ര കിലോമീറ്റർ പരിധിയിലുള്ള 98 വില്ലേജുകൾ എന്ന നിലപാടിൽ മാറ്റമില്ല.