നിലമ്പൂരിലെ പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് ആശ്വാസമായി സഞ്ചരിക്കുന്ന റേഷന്‍ കട

post

300 കുടുംബങ്ങള്‍ക്ക് റേഷന്‍ നല്‍കി; ഓണക്കിറ്റ് വൈകാതെ ഊരുകളിലെത്തിക്കും

മലപ്പുറം: കാടിറങ്ങാതെ ഭക്ഷ്യധാന്യങ്ങള്‍ ഊരുകളിലെ വീടുകളിലേക്ക് എത്തിച്ചുനല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതിക്ക് ജില്ലയില്‍ വന്‍ സ്വീകാര്യത. പദ്ധതിയിലൂടെ നിലമ്പൂര്‍ താലൂക്കിലെ 300ല്‍ പരം പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കാണ് പൊതുവിതരണ വകുപ്പ് റേഷന്‍ വിതരണം ചെയ്തത്. കരുളായി പഞ്ചായത്തിലെ നെടുങ്കയം, മുണ്ടക്കടവ്, ചാലിയാര്‍ ഗ്രാമ പഞ്ചായത്തിലെ അമ്പുമല, മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം എന്നിവിടങ്ങളിലെ പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കാണ് ഊരുകളിലെത്തി റേഷന്‍ വിതരണം ചെയ്തത്.

റേഷന്‍ വിഹിതമായ അരി, ഗോതമ്പ്, മണ്ണെണ്ണ, പഞ്ചസാര എന്നിവ നല്‍കി ഓഗസ്റ്റിലെ വിതരണം പൂര്‍ത്തീകരിച്ചു. സഞ്ചരിക്കുന്ന റേഷന്‍ കടയിലൂടെ വൈകാതെ തന്നെ സര്‍ക്കാരിന്റെ ഓണക്കിറ്റും കോളനികളില്‍ എത്തിക്കും. 

മൂന്ന് മുതല്‍ 16 കിലോ മീറ്റര്‍ വരെ അതികഠിന കാട്ടുവഴികളിലൂടെ സഞ്ചരിച്ചായിരുന്നു ഈ കുടുംബങ്ങള്‍ നിലവില്‍ റേഷന്‍ കടകളില്‍ എത്തിയിരുന്നത്.  സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും ഒറ്റപ്പട്ട വനമേഖലകളില്‍ കഴിയുന്നവര്‍ക്കും നേരിട്ട് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനാണ് സഞ്ചരിക്കുന്ന റേഷന്‍ കട സംവിധാനം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. പദ്ധതിയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളതെന്നും കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാന്‍ വകുപ്പ് ലക്ഷ്യമിടുന്നുണ്ടെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാജീവ് അറിയിച്ചു. 

നിലമ്പൂര്‍ താലൂക്കില്‍ ഓഗസ്റ്റ് അഞ്ച് മുതലാണ് സഞ്ചരിക്കുന്ന റേഷന്‍ കടയ്ക്ക് പൊതുവിതരണ വകുപ്പ് തുടക്കമിട്ടത്. പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ഭക്ഷ്യപൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചിരുന്നു. കരുളായി പഞ്ചായത്ത് ഓഫീസില്‍ കോവിഡ് 19 മാനദണ്ഡപ്രകാരം നടന്ന ചടങ്ങില്‍ നിലമ്പൂര്‍ എം.എല്‍.എ. പി. വി. അന്‍വര്‍ ഫഌഗോഫും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസൈനാര്‍ വിശാരിയില്‍ ഭക്ഷ്യധാന്യ കൈമാറ്റവും നടത്തിയിരുന്നു. 

നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ വാചസ്പതി, സിവില്‍ സപ്ലൈസ് റേഷനിങ് ഇന്‍സ്‌പെക്ടര്‍ മധു, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ വി. എസ്. റിജേഷ്, കുടുംബശ്രീ നിലമ്പൂര്‍ ട്രൈബല്‍ സ്‌പെഷ്യല്‍ പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ കെ. കെ. മുഹമ്മദ് സാനു, കുടുംബശ്രീ എസ്. ടി. ആനിമേറ്റര്‍മാരായ പി. ടി. നിഷാന്‍, സുധീഷ്, രാംദാസ്, എസ്. ടി. പ്രൊമോട്ടര്‍ റേഷന്‍ കട ലൈസെന്‍സി എന്നിവരുടെ നേതൃത്വത്തിലാണ് കോളനികളില്‍ റേഷന്‍ വിതരണം നടത്തിയത്.