ലഹരി മാഫിയക്കെതിരെ കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: മന്ത്രി കെ. മുരളീധരൻ
ലഹരി മാഫിയയുടെ അതിശക്തമായ പിടിമുറുക്കൽ മനുഷ്യരാശിക്ക് തന്നെ വലിയ അപകടമായി മാറിയിരിക്കുകയാണെന്നും ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സിറ്റി പോലീസ് മാനവീയം വീഥിയിൽ സംഘടിപ്പിച്ച സൈക്കിൾ റാലിയുടേയും വാക്കത്തോണിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് ജനകീയ പിന്തുണ വേണം
കേരളത്തിൽ ലഹരിയുടെ സ്വാധീനം പൂർണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര മന്ത്രി മുൻകൈ എടുത്ത് നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് പൊതുസമൂഹം പൂർണ്ണ പിന്തുണ നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ലഹരിയുടെ സ്വാധീനം കാരണം സ്വന്തം മാതാപിതാക്കളെ മക്കളും, പിഞ്ചുകുഞ്ഞുങ്ങളെ മാതാപിതാക്കളും ദയയേതുമില്ലാതെ കൊലപ്പെടുത്തുന്ന അതിദാരുണമായ വാർത്തകളാണ് ഇന്ന് മാധ്യമങ്ങളിൽ നിറയുന്നത്. ചെറിയ കുട്ടികൾ പോലും ഇതിന്റെ കെണിയിൽപ്പെടുന്നുണ്ട് എന്നത് അതീവ ആശങ്കാജനകമാണ്. വിദ്യാർത്ഥികളുടെ ആത്മഹത്യകൾക്ക് പിന്നിൽ മാനസിക സമ്മർദ്ദമാണെന്ന് മാതാപിതാക്കൾ കരുതുമ്പോഴും, അവരെ അതിലേക്ക് നയിച്ച ലഹരിയുടെ കറുത്ത സ്വാധീനത്തെക്കുറിച്ച് ചിന്തിക്കാൻ പലപ്പോഴും സാധിക്കുന്നില്ല. ലഹരിയിൽ നിന്നുള്ള സമ്പൂർണ്ണ മോചനമാണ് നമുക്ക് വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ വെച്ച് 'തൂഫാൻ വാരിയർമാർക്ക്' മന്ത്രി തൂഫാൻ ബാഡ്ജുകൾ വിതരണം ചെയ്തു.

ലഹരിവിരുദ്ധ സന്ദേശമുയർത്തി മാനവീയം വീഥിയിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലിയും വാക്കത്തോണും സെൻട്രൽ സ്റ്റേഡിയത്തിൽ സമാപിച്ചു. നഗരവാസികളുടെയും യുവജനങ്ങളുടെയും വലിയ പങ്കാളിത്തം ചടങ്ങിൽ ദൃശ്യമായി. ചടങ്ങിൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് അഞ്ജലി ഭാവന, ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് സ്പർജൻ കുമാർ, സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ, തിരുവനന്തപുരം സായി റീജണൽ സെന്റർ അസിസ്റ്റന്റ് ഡയറക്ടർ നിമിഷ പിച്ചാര തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.









