വായനാ മാസാഘോഷത്തിന് ജൂൺ 19ന് തുടക്കമാകും
കേരളത്തിൽ അക്ഷരവെളിച്ചം പകർന്നുനൽകിയ പി. എൻ. പണിക്കരുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന മുപ്പത്തിയൊന്നാമത് ദേശീയ വായനാ മഹോത്സവത്തിനും ഒരു മാസം നീണ്ടുനിൽക്കുന്ന വായനാ മാസാഘോഷങ്ങൾക്കും ദേശീയ വായനാ ദിനമായ ജൂൺ 19ന് തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം ജൂൺ 19 ന് രാവിലെ 11:30ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിക്കുമെന്നു സെക്രട്ടേറിയറ്റ് പിആർ ചേമ്പറിൽ നടന്ന വാർത്താ സമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. മന്ത്രി എൻ. ഷംസുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
രാജ്യത്തെ വിവിധ ഭാഗങ്ങളിലെ പോലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻറുകൾ, മാർക്കറ്റുകൾ, തൊഴിലുറപ്പ് കേന്ദ്രങ്ങൾ തുടങ്ങിയ പൊതുഇടങ്ങളിൽ ഒരു ലക്ഷം വായന സദസ്സുകൾ സംഘടിപ്പിക്കുകയാണ് ഇക്കൊല്ലത്തെ മുഖ്യപരിപാടി.
കുട്ടികൾ വായനദിന പ്രതിജ്ഞ ചൊല്ലും. ഈ പ്രതിജ്ഞയിൽ ലഹരിവിരുദ്ധ പ്രചരണത്തിന് പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. ദേശീയതലത്തിൽ അംഗീകാരം ലഭിച്ച അധ്യാപകരെ ഗുരുവന്ദനം നടത്തി ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനത്തോടൊപ്പം നടക്കും. കൂടാതെ, ഒരു വിദ്യാർത്ഥിയും വിദ്യാർത്ഥിനിയും തങ്ങളുടെ വായന അനുഭവങ്ങൾ പങ്കുവയ്ക്കും.
ഇന്ത്യയിൽ 28 സംസ്ഥാനങ്ങളിലും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൂടാതെ 119 വിദേശ രാജ്യങ്ങളിലും ഇത്തവണ ദേശീയവായനദിനം ആഘോഷിക്കുന്നുണ്ട്. ഇന്ത്യയിലെ യു.ജി.സിയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, എ.ഐ.സി.റ്റി.ഇ-യുടെ കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജ്, പോളിടെക്നിക്, നഴ്‌സിങ് കൗൺസിൽ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വായനദിനം ആഘോഷിക്കും. കഴിഞ്ഞ 30 വർഷമായി ഇന്ത്യയിലെ 410 ദശലക്ഷം സാമാന്യജനങ്ങളിൽ വായനയുടെ സന്ദേശം എത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.
ഒരു മാസം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വായന ക്വിസ് മത്സരത്തിലൂടെ ഏറ്റവും വലിയ പ്രൈസ് മണിയായ ഒരു ലക്ഷം രൂപയുടെ ക്യാഷും പുസ്തകങ്ങളും വിജയികൾക്ക് സമ്മാനമായി ലഭിക്കും. കുട്ടികൾക്കായി കവിതാ പാരായണം, ഉപന്യാസ മത്സരം, പദ മത്സരം, ചിത്രരചന മത്സരം, കൂട്ടയോട്ടം, ചർച്ചാ യോഗങ്ങൾ, സെമിനാറുകൾ, വായനദിന വിളംബര ഘോഷയാത്രകൾ എന്നിവ സംഘടിപ്പിക്കും. കൂടാതെ സ്‌കൂളുകളിൽ പി.എൻ. പണിക്കർ വായന കോർണറുകൾ സ്ഥാപിക്കൽ, മദ്യം-മയക്കുമരുന്നിനെതിരായ ബോധവൽക്കരണ പരിപാടികൾ, തെരുവ് നാടകം സംഘടിപ്പിക്കൽ, പുസ്തക ചർച്ചകൾ, സാഹിത്യ നായകന്മാരുമായി സംവാദം എന്നിവയും ഉണ്ടാകും.
ഇതോടൊപ്പം 'ഓരോ വീടും ഒരു പണിശാല' എന്ന മുദ്രാവാക്യവുമായി തൊഴിൽ സംരംഭക ബോധവൽക്കരണ ക്ലാസ്സുകൾ, അധ്യാപകരെ ആദരിക്കൽ, പഠന മികവുള്ളവർക്ക് ലഭ്യമാകുന്ന സർക്കാർ സ്‌കോളർഷിപ്പുകളെ പരിചയപ്പെടുത്തൽ, പത്താംക്ലാസ്സിനുശേഷമുള്ള വിവിധ പഠന മേഖലകൾ, വിവിധ തരം മത്സര പരീക്ഷകളും അതിന് തയ്യാറാകുവാനുള്ള മാർഗ്ഗങ്ങളും, വിവിധ ഫ്യൂച്ചർ സ്‌കിൽസിനെക്കുറിച്ചുള്ള അവബോധം, എ. ഐ. സാക്ഷരത, റോബോട്ടിക്സ്, ഡ്രോൺ പരിശീലനം തുടങ്ങിയവയും പരിപാടികളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
തിരുവനന്തപുരം പൂജപ്പുര അക്ഷരഗുരു സന്നിധിയിൽ (പി. എൻ.പണിക്കർ പ്രതിമ പരിസരം) ജൂൺ 19 മുതൽ ജൂലൈ 18 വരെ 30 ദിവസം വൈകുന്നേരം 5 മുതൽ 7 വരെ നീണ്ടുനിൽക്കുന്ന വിവിധ ചർച്ചാ യോഗങ്ങളിൽ വിദഗ്ധർ നേതൃത്വം നൽകും. 'വായനയാണ് വികസനം' എന്നതാണ് ഇക്കൊല്ലത്തെ വായനദിന-മാസാചരണത്തിന്റെ പ്രധാന മുദ്രാവാക്യം.
ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ സബിൻ സമീദ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ്-ചെയർമാൻ എൻ. ബാലഗോപാൽ തുടങ്ങിയവർ വർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു







