സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു; കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങുകള്‍

post

മലപ്പുറം: രാഷ്ട്രത്തിന്റെ 74-ാം സ്വാതന്ത്ര്യ ദിനം ജില്ലാ ആസ്ഥാനത്ത് സമുചിതമായി ആഘോഷിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ എം.എസ്.പി. പരേഡ് ഗ്രൗണ്ടില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കി ലളിതമായാണ് പരിപാടികള്‍ നടന്നത്. രാവിലെ ഒമ്പത് മണിക്ക് ലാന്റ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ ഒ. ഹംസ ദേശീയ പതാക ഉയര്‍ത്തി. ഏറെ ത്യാഗപൂര്‍ണ്ണമായ പോരാട്ടത്തിലൂടെ നമുക്ക് ലഭിച്ച സ്വാതന്ത്ര്യത്തിന്റെ മൂല്യം ഉള്‍ക്കൊള്ളാനും സംരക്ഷിക്കാനും ഓരോ പൗരന്മാരും തയ്യാറാകണമെന്ന് ഡെപ്യൂട്ടി കലക്ടര്‍  സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞു. കോവിഡ് 19 ലോകമാകെ ഭീഷണിയാകുമ്പോള്‍ ജനാരോഗ്യം സംരക്ഷിക്കാന്‍ വലിയ പോരാട്ടമാണ് രാജ്യത്തും നടക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എല്ലാവരും ചേര്‍ന്നു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ പുഷ്പ ചക്രം അര്‍പ്പിച്ച ശേഷമാണ് പരിപാടികള്‍ക്ക് തുടക്കമായത്. എം.എസ്.പി. അസിസ്റ്റന്റ് കമാന്‍ഡന്റ് എസ്. ദേവകിദാസ് സ്വാതന്ത്ര്യ ദിന പരേഡ് നയിച്ചു. ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി. എ. കുഞ്ഞുമോന്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ച് എം.എസ്.പി. , സിവില്‍ പൊലീസ് പുരുഷ വിഭാഗം, സിവില്‍ പൊലീസ് വനിതാ വിഭാഗം, എക്‌സൈസ് എന്നീ നാല് പ്ലറ്റൂണുകള്‍ മാത്രമാണ് പരേഡില്‍ അണി നിരന്നത്. ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസും പരേഡിനെ അഭിവാദ്യം ചെയ്തു.

സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം കോവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ. വി. നന്ദകുമാര്‍, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരായ ടി. യശോദ, നളിനി, കെ. റസീന, ഇ. എസ്. വിനോദ്, കോവിഡ് 19 വിദഗ്ധ ചികിത്സക്കു ശേഷം ഭേദമായ ആശ പ്രവര്‍ത്തകരായ എം.പി. ഇന്ദിര, വി. ശാന്ത എന്നിവര്‍ മുഖ്യ അതിഥികളായെത്തി. വിവിധ സേനാ ഉദ്യോഗസ്ഥര്‍, റവന്യു വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.