കാലടി കുടുംബാരോഗ്യ കേന്ദ്രം; കെട്ടിടങ്ങളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി നിര്‍വഹിച്ചു

post

മലപ്പുറം : കാലടി  കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മിച്ച രണ്ട് കെട്ടിടങ്ങളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. കാലടി പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണ് ഈ കുടുംബാരോഗ്യ കേന്ദ്രമെന്നും  രോഗങ്ങള്‍ മനസിലാക്കുന്നതിനും  രോഗങ്ങള്‍ വരാതിരിക്കാന്‍ ജീവിത രീതികള്‍ ക്രമീകരിക്കുന്നതിനും കാലടി കുടുംബാരോഗ്യ കേന്ദ്രം സഹായകമാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് 19 മൂന്നാം ഘട്ടത്തിലാണ് ഇപ്പോള്‍സംസ്ഥാനമെന്നും  ബ്രേക്ക് ദി ചെയ്ന്‍ ക്യാമ്പയിന്‍ എല്ലാവരും ഏറ്റെടുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. 

കാലടി ഗ്രാമപഞ്ചായത്തിലെ  ജനകീയ  കൂട്ടായ്മയുടെ ഫലമാണ് കുടുംബാരോഗ്യ കേന്ദ്രമെന്നും പൊതുജനങ്ങള്‍ എല്ലാവരും ഇതിനായി ഒരുമിച്ച് പ്രവര്‍ത്തിച്ചെന്നും ചടങ്ങില്‍ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു.

2018 ജൂണ്‍ 16 നാണ് കാലടി പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 82.5 ലക്ഷം രൂപയും എന്‍.എച്ച്.എം ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ അനുവദിച്ച 2.16 കോടി രൂപയും ചെലവഴിച്ചാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ രണ്ട് കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പുതിയ കെട്ടിടങ്ങളില്‍ ഒ.പി, ലാബ്, ഫാര്‍മസി, ആളുകള്‍ക്ക് കാത്തിരിപ്പ് സൗകര്യങ്ങള്‍, ടി.വി, ഡോക്ടേഴ്സ് റൂം,  ഒബ്സര്‍വേഷന്‍ റൂം, ഓഫീസ്, റിസപ്ക്ഷന്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.  ആശുപത്രിക്കായി ജനകീയ കമ്മിറ്റി  15 സെന്റ് സ്ഥലവും പോക്കാട്ട് ഗോവിന്ദന്‍ നായര്‍  22 സെന്റ് സ്ഥലവും നല്‍കിയിട്ടുണ്ട്.  പോക്കാട് മോഹന്‍ ദാസ് ആശുപത്രിയുടെ വഴിക്കാവശ്യമായ സ്ഥലവും സൗജന്യമായി നല്‍കിയിട്ടുണ്ട്.

ചടങ്ങില്‍ കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി കവിത, വൈസ് പ്രസിഡന്റ് പി.കെ ബക്കര്‍, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ എം.വി പ്രേമ, പി.വിജയകുമാരി, പഞ്ചായത്ത് അംഗമായ എം.ജയശ്രീ, പി.കെ ദിവാകരന്‍, നൗഫല്‍ സി. തണ്ടിലം, ഹരിദാസന്‍, ബാബുരാജ്, പ്രസന്ന, മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി മൊയ്തീന്‍ എന്നിവര്‍ പങ്കെടുത്തു.